പുനലൂർ: വിവിധ വകുപ്പ് മേധാവികളെ വിളിച്ചു ചേർത്ത് പുനലൂരിൽ ആർഡിഒയുടെ അധ്യക്ഷതയിൽ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ താലൂക്ക്തല അവലോകന യോഗം കൂടി.
ദേശീയപാതയിൽ അയ്യപ്പഭക്തർക്ക് ദിശ അറിയിപ്പിനായി അഞ്ച് ഭാഷകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കും, 24 മണിക്കൂറും പോലീസ് നിരീക്ഷണം, കൂടുതൽ ട്രാഫിക് വാർഡൻമാരെ നിയമിക്കും, എല്ലാ ഹോട്ടലുകളിലും വിലവിവരപ്പട്ടിക, അളവ് തൂക്ക യന്ത്രങ്ങളും ഉടമയുടെ ഫോൺ നമ്പർ സഹിതം പ്രദർശിപ്പിക്കും.
പത്തനാപുരം -പുനലൂർ റോഡ്, റ്റിബി ജംഗ്ഷൻ -ആര്യങ്കാവ് റോഡ്, അച്ചൻകോവിൽ- അലി മുക്ക് റോഡ് എന്നിവയുടെ അറ്റകുറ്റപണികളും, കുഴിയടപ്പും തീർഥാടന കാലയളവിന് മുന്നെ തീർക്കും.
കെഎസ്ആർടിസി ബസ് ലഭ്യമാക്കാൻ എംഡിയ്ക്ക് നിവേദനം നൽകും. ശബരിമല തീർഥാടകർ ട്രെയിൻ മാർഗം ഏറ്റവും കൂടുതൽ എത്തുന്ന പ്രദേശമെന്ന നിലയിൽ 40 ൽ അധികം ആളുകൾ എത്തിയാൽ കെഎസ്ആർടിസി സർവീസ് നടത്താൻ നടപടി ഉണ്ടാകും. എക്സൈസ് സ്ക്വാഡിന്റെ സജീവ പരിശോധന, ആരോഗ്യ വിഭാഗത്തിന്റെ ഭാഗമായി താലുക്ക് ആശുപത്രിയിൽ ആംബുലൻസ് സർവീസ് , ബഡ് റിസർവേഷൻ , ഐസിയു റിസർവേഷൻ, പേപ്പട്ടി വിഷബാധയേറ്റവർക്കായി ഉള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കും.
ഹെൽത്ത് സെന്ററുകളിലും മരുന്നുകൾ ശേഖരിക്കും, അച്ചൻകോവിലിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കും, മോട്ടോവൈഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഡ്രൈവറന്മർക്ക് ദാഹജലം നൽകും.ഇതിനായി ഫോറസ്റ്റ് വിഭാഗത്തിന്റെ സഹകരണവുമുണ്ടാകും.
തെന്മലയ്ക്കും പുനലൂരിനും ഇടയ്ക്ക് ഇതിനായി പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കും. വാട്ടർ അതോറിറ്റി നഗരത്തിലും പരിസര പ്രദേശങ്ങളിലും 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കും. അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തുകളും ദേവസ്വം ബോർഡും ചേർന്ന് ശൗചാലയങ്ങളും മറ്റ് സൗകര്യങ്ങളും അയ്യപ്പഭക്തർക്കായി ഒരുക്കണമെന്നും താലൂക്ക് വികസന യോഗത്തിൽ തീരുമാനമെടുത്തു.
ആർഡിഒ ബി.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ തഹസീൽദാർ ജി.നിർമ്മൽകുമാർ, നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ, എസ്ഐ.രാജീവ്, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങി നിരവധി ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുത്തു.
റ്റിബി ജംഗ്ഷനിലെ താല്ക്കാലിക കടകളിൽ പരിശോധന കർശനമാക്കുമെന്ന് തഹസീൽദാർ അറിയിച്ചു.