കൊല്ലം: മുഖത്തല ഡിവിഷനിൽ വിജയകപ്പിൽ മുത്തമിടാൻ വനിതകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഇടത്-വലത് സ്ഥാനാർഥിക്കും എൻഡിഎ സാരഥിക്കും സംഘടനാ പ്രവർത്തനങ്ങളിൽ അനുഭവ സന്പത്ത് ഏറെയാണ്.
എന്നും എൽഡിഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന ഡിവിഷനാണ് മുഖത്തല. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെല്ലാം ചുവപ്പണിഞ്ഞ ചരിത്രമാണ് മുഖത്തലയ്ക്കുള്ളത്. അത് തിരുത്തിക്കുറിക്കാനുള്ള അക്ഷീണ യത്നത്തിലാണ് യുഡിഎഫും ബിജെപിയും.
കൊല്ലം കോർപ്പറേഷനിലെ വടക്കേവിള ഡിവിഷനും തൃക്കോവിൽവട്ടം, മയ്യനാട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ പഞ്ചായത്തുകളും ഉൾപ്പെട്ടതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്പുള്ള മുഖത്തല ഡിവിഷൻ.
2005-ലെ വാർഡ് വിഭജനത്തിൽ ഡിവിഷന്റെ ഭൂപടമാകെ മാറി. മയ്യനാട് ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളും തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ തട്ടാർകോണം, ചെന്താപ്പൂര്, ഡീസന്റ് ജംഗ്ഷൻ, വെറ്റിലത്താഴം, തൃക്കോവിൽവട്ടം, പേരയം, പേരയം നോർത്ത്, പുതുച്ചിറ, മൈലാപ്പൂര്, തഴുത്തല, കന്പിവിള എന്നീ 11 വാർഡുകളും മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ മുഖത്തല, മയ്യനാട്, കൊട്ടിയം, പുല്ലിച്ചിറ, നടുവിലക്കര എന്നീ അഞ്ചു വാർഡുകളും ചേർന്നതാണ് നിലവിലെ മുഖത്തല ഡിവിഷൻ.
മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സംഘാടക സമിതി ജനറൽ സെക്രട്ടറിയും കൊല്ലം ബാറിലെ അറിയപ്പെടുന്ന അഭിഭാഷകയുമായ യു.വഹീദയെയാണ് ഡിവിഷൻ തിരിച്ചുപിടിക്കാൻ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണയും വഹീദ തന്നെയായിരുന്നു യുഡിഎഫ് സ്ഥാനാർഥി.
സീറ്റ് നിലനിർത്താൻ ഇടതുമുന്നണിക്കുവേണ്ടി കച്ചമുറുക്കി അങ്കത്തിന് ഇറങ്ങിയിട്ടുള്ളത് സിപിഎം വെൺപാലക്കര ബ്രാഞ്ച് സെക്രട്ടറി എസ്.സെൽവി മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.രൂപ ബാബുവാണ് എൻഡിഎ സ്ഥാനാർഥി. സംഘടനാ പ്രവർത്തന രംഗത്തെ അനുഭവ മികവുകളാണ് മൂന്നു പേരുടെയും വിജയ പ്രതീക്ഷയുടെ മുഖ്യഘടകം. സിപിഎമ്മിലെ എസ്.ഫത്തഹുദീനാണ് നിലവിലെ ഡിവിഷൻ കൗൺസിലർ.