കൊല്ലം: അഴിമതിരഹിത ഭരണമാണ് യുഡിഎഫ് അധികാരത്തിൽ വന്നാൽ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫ് പ്രകടനപത്രിക. എല്ലാവർക്കും നിശ്ചിത വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി ഉൾപ്പെടെ ജനോപകാരപ്രദമായ എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നു.
നഗരവാസികളുടെ ആവശ്യങ്ങൾക്കായി എല്ലാ ഡിവിഷനുകളിലും കോർപറേഷൻ ചുമതലയിൽ ഡിവിഷൻതല ഓഫീസുകൾ തുറക്കും. നഗരശുചിത്വത്തിന് മുന്തിയ പരിഗണന നൽകും. കോർപറേഷൻ പരിധിയിലെ എല്ലാ വീടുകളിൽനിന്നും മാലിന്യം ശേഖരിക്കാൻ സംവിധാനം ഏർപ്പെടുത്തും.
നഗരത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും. ബിപിഎൽ കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യമായി നൽകും. അർഹമായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ഇതുവരെ പട്ടയം ലഭിക്കാത്ത തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്കും പുള്ളിക്കട ഉൾപ്പെടെയുള്ള കോളനി നിവാസികൾക്കും അടിയന്തിരമായി പട്ടയം നൽകും. 700 ചതുരശ്രയടിവരെ വിസ്തീർണമുള്ള വീടുകൾക്ക് വീട്ടുകരം ഒഴിവാക്കും. അശാസ്ത്രീയമായി കൂട്ടിയ വീട്ടുകരം കുറയ്ക്കും. ബിപിഎൽ കുടുംബങ്ങൾക്ക് വൈദ്യുതി നിരക്കിൽ സബ്സിഡി നൽകും.
നഗരപരിധിയിലുള്ളവർക്ക് പ്രത്യേക ഹെൽത്ത് കാർഡ് നൽകും. വിദ്യാർഥികൾക്കും മറ്റുമായി ദിവസം ആറുമണിക്കൂർ സൗജന്യ വൈ ഫൈ ഏർപ്പെടുത്തും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അറവുശാലകൾ സ്ഥാപിക്കും. കൂടാതെ ദ്രവമാലിന്യ സംസ്കരണത്തിന് സീവേജ് സാനിട്ടേഷൻ പദ്ധതി നടപ്പാക്കും. കൊല്ലം തോടിന്റെ വികസനം സമയബന്ധിതമായി പൂർത്തിയാക്കും. തോടിന്റെ ഇരുവശവും സൗന്ദര്യവത്കരണം നടത്തി ടൂറിസം സാധ്യതകൾ വികസിപ്പിക്കും. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ക്ഷേമ പദ്ധതികൾ നടപ്പാക്കും.
നഗരപരിധിയിലെ ബിപിഎൽ കുടുംബങ്ങളിലേയും പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളിലുംപെട്ട ഹൈസ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി സൈക്കിൾ നൽകും. കൊല്ലം നഗരത്തെ വിശപ്പുരഹിത നഗരമാക്കും. കൂടാതെ നഗരത്തിലെത്തുന്നവർക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകും. കശുവണ്ടി, കയർ, കൈത്തറി, കരകൗശലം തുടങ്ങിയ പരന്പരാഗത തൊഴിൽ മേഖലകളെ പ്രോത്സാഹിപ്പിക്കാൻ സബ്സിഡി ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും സ്ഥിരം വിപണനകേന്ദ്രങ്ങൾ തുടങ്ങുകയും ചെയ്യും.
എല്ലാ ഡിവിഷനുകളിലും ഡിജിറ്റൽ ലൈബ്രറികൾ ആരംഭിക്കും. ഗതാഗതകുരുക്ക് പരിഹരിക്കാൻ എറണാകുളം വൈറ്റില മാതൃകയിൽ ബസ് മൊബിലിറ്റ് ഹബ് തുറക്കും. തീരദേശ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സർക്കുലർ ബസ് സർവീസ് ആരംഭിക്കും. നഗരത്തിലെ ശ്മശാനങ്ങൾ ആധുനികവത്കരിക്കുകയും ബിപിഎൽ കുടുംബാംഗങ്ങളുടെ ശവസംസ്കാരചടങ്ങുകൾ സൗജന്യമാക്കുകയും ചെയ്യും. കൊല്ലം ഫെസ്റ്റും നൈറ്റ് മാർക്കറ്റിംഗും സ്ഥിരമാക്കും. ആംഗൻവാടികൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. എല്ലാ ഡിവിഷനുകളിലും പകൽവീട് മാതൃകയിൽ വയോജന കേന്ദ്രങ്ങൾ ആരംഭിക്കും.
പൊതുപാർക്കുകളും ബീച്ചും നവീകരിക്കുകയും നഗരഹൃദയ ഭാഗത്ത് കോടതി സമുച്ചയം സ്ഥാപിക്കുകയും ചെയ്യും. തെരുവുനായ ശല്യം ഒഴിവാക്കാൻ പ്രജനനനിയന്ത്രണ കേന്ദ്രം ആരംഭിക്കും. പ്രസിഡന്റ്സ് ട്രോഫി വള്ളംകളി കോർപറേഷൻ ഏറ്റെടുത്ത് അന്തർദേശീയ ടൂറിസം രംഗത്ത് ശ്രദ്ധയാകർഷിക്കുന്ന തലത്തിൽ വിപുലീകരിക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു.
കൊല്ലത്തെ മഹാനഗരമാക്കും: എൽഡിഎഫ്
കൊല്ലം: കൊല്ലത്തെ ലോകം ശ്രദ്ധിക്കുന്ന മഹാനഗരമാക്കുമെന്ന് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക. ഇതിനായി 242 കർമ പദ്ധതികൾ അവതരിപ്പിക്കുമെന്ന് ഇടതുമുന്നണി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആർ.വിജയകുമാറും സെക്രട്ടറി കെ.വരദരാജനും പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലത്തെ മെട്രോ നഗരമാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. കൊല്ലം നഗരം-ശുചിത്വ നഗരം എന്ന ആശയവുമായി 28 ഇന പരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രണ്ടുവർഷത്തിനുള്ളിൽ കൊല്ലത്തെ സന്പൂർണ ശുചിത്വ പദവിയിൽ എത്തിക്കും. രാത്രി ശുചീകരണത്തിനായിരിക്കും മുൻഗണന.
വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഐഡി കാർഡും ഹെൽത്ത് കാർഡും നൽകും.
കുരീപ്പുഴയിൽ മാതൃകാ കൃഷിത്തോട്ടവും പൂങ്കാവനവും, കോർപ്പറേഷൻ ശ്മശാനങ്ങളിൽ സംസ്കാര ചടങ്ങ് ലൈവ് ആയി കാണിക്കൽ, വീടുകളിൽ ബയോ ബിൻ, കിച്ചൻ ബിന്നുകൾ എന്നിവ കർമ പരിപാടിയിൽ ഉൾപ്പെടും.
വിവിധ പദ്ധതികളിലൂടെ പതിനായിരത്തിലധികം പേർക്ക് തൊഴിലോ ജീവിതമാർഗമോ നൽകും. മുട്ട ഉത്പാദന സ്വയം പര്യാപ്തയ്ക്ക് ഹാച്ചറി യൂണിറ്റ്, വീടുകളിൽ മത്സ്യക്കുഞ്ഞ് വളർത്തൽ, കൊല്ലത്തിന്റെ കടൽ-കായൽ-ആറ്റുമീനുകൾ എന്നിവയെ ബ്രാൻഡ് ചെയ്യൽ എന്നിവയും വാഗ്ദാനങ്ങളാണ്.
അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്നതിന് ഒരു കേന്ദ്രമോ സഞ്ചരിക്കുന്ന കേന്ദ്രമോ തുടങ്ങും. ലൈഫ് പദ്ധതി വഴി വീടില്ലാത്ത എല്ലാവർക്കും വീടോ ഫ്ലാറ്റോ നൽകും.
കോവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള നടപടികളിൽ സഹകരിക്കും. പട്ടികജാതി കോളനികളിൽ ഇടവേളകളിൽ മെഡിക്കൽ ക്യാന്പ്, തേവള്ളി കൊട്ടാരം കൊല്ലത്തിന്റെ ആർട്ട് മ്യൂസിയം, തങ്കശേരിയിൽ പൈതൃക മ്യൂസിയം, അഞ്ചാലുംമൂട് കേന്ദ്രീകരിച്ച് ഉപഗ്രഹനഗരം, ആണ്ടാമുക്കത്ത് ഇന്റർനാഷണൽ കൺവൻഷൻ സെന്റർ, രാത്രി ഷോപ്പിംഗിന് പ്രത്യേക ഇടങ്ങൾ എന്നിവയും പ്രകടന പത്രികയിലുണ്ട്.
വർഷംതോറും ശ്രീനാരായണ സാംസ്കാരിക വിജ്ഞാനോത്സവം, രണ്ടുവർഷം കൂടുന്പോൾ കൊല്ലം ലിറ്റററി ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കും. ഡീഗോ മറഡോണയുടെ സ്മരണാർഥം ദേശീയ-അന്തർദേശീയ ഫുട്ബോൾ മത്സരം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടത്തും.
കോർപ്പറേഷൻ ഓഫീസ് ഇ-സംവിധാനത്തിലാക്കി പേപ്പർ രഹിതമാകും. സ്ത്രീ സൗഹൃദ ഇടനാഴി, സാംസ്കാരിക ഇടനാഴി എന്നിവയും പത്രിക വിഭാവനം ചെയ്യുന്നു.എല്ലാ വീടുകളിലു ആരോഗ്യ ടെലിമെഡിസിൻ സംവിധാനം, കെഎസ്ആർടിസി ബസിൽ പിങ്ക് കഫേ, ഷീ ലോഡ്ജുകൾ, പകൽ വീട്, വയോജനങ്ങളെ സഹായിക്കാൻ യൂത്ത് കെയർ ബാങ്ക് എന്നീ നിർദേശങ്ങളുമുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി റിപ്പോർട്ട് വർഷംതോറും പ്രസിദ്ധീകരിക്കും.