അടൂർ: അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സിപിഎം, സിപിഐ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് കാട്ടുന്ന പക്ഷപാതപരമായ നടപടികൾക്കെതിരെ പരാതിയുമായെത്തിയ സിപിഐ നേതാക്കളും പോലീസുമായി സംഘർഷം. സിപിഐ സംസ്ഥാന കമ്മിറ്റിയംഗം കെ.ആർ. ചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി എ.പി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ രാവിലെ ഡിവൈഎസ്പി ഓഫീസിലെത്തിയിരുന്നു.
അങ്ങാടിക്കലിലെ സംഘർഷവുമായി ബന്ധപ്പെട്ടു പോലീസ് സ്വീകരിക്കുന്ന പക്ഷപാതപരമായ നടപടികളിൽ പ്രതിഷേധം അറിയിക്കാനും അന്വേഷണം നീതിപൂർവമായിരിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിപിഐ നേതാക്കൾ എത്തിയത്. ഏഴംകുളം നൗഷാദ്, മുണ്ട പ്പള്ളി തോമസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവർ ഡിവൈഎസ്പി ആർ. ബിനുവുമായി സംസാരിക്കുന്നതിനിടെ അടൂരിലെ സിപിഐ ജനപ്രതിനിധികളും എത്തി. ഇവരെ ഓഫീസിലേക്കു കടത്തിവിടരുതെന്ന് ഡിവൈഎസ്പി നിർദേശിച്ചതാണ് സംഘർഷത്തിനു കാരണമായത്.
ജനപ്രതിനിധികളെയും അവരോടൊപ്പമെത്തിയ പ്രവർത്തകരെയും ഓഫീസ് പരിസരത്തുനിന്ന് പുറത്താക്കാനുള്ള പോലീസ് ശ്രമം നേതാക്കളും ചോദ്യം ചെയ്തു. ഡിവൈഎസ്പിയുമായുണ്ടായ വാക്കുതർക്കം പിന്നീട് പോലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു. ഏറെനേരെ നീണ്ടുനിന്ന സംഘർഷത്തിനൊടുവിൽ നേതാക്കളുമായി വീണ്ടും ചർച്ചയ്ക്ക് ഡിവൈഎസ്പി തയാറായി.
അങ്ങാടിക്കൽ ബാങ്ക് വോട്ടെടുപ്പ് ദിവസം നടന്ന സംഘർഷങ്ങളിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന സിപിഐ മണ്ഡലം സെക്രട്ടേറിയര്റംഗം ഐക്കാട് ഉദയകുമാർ, ലോക്കൽ സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ മൊഴി അടിയന്തരമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വീടുകൾ തല്ലിത്തകർക്കുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയോടക്കം അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യണം.
ഇക്കാര്യത്തിൽ വീട്ടുകാരിൽ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി ഉറപ്പു നൽകിയതായി സിപിഐ നേതാക്കൾ പറഞ്ഞു. പോലീസുകാരെ ആക്രമിച്ച കേസിൽ ഉന്നത പോലീസുദ്യോഗസ്ഥരുമായി ആലോചിച്ച് വീഡിയോ ക്ലിപ്പുകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു മാത്രമേ പ്രതികളെ കേസിൽ ഉൾപ്പെടുത്തൂവെന്നും ഡിവൈഎസ്പി ഉറപ്പു നൽകി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം എം.വി. വിദ്യാധരൻ, അടൂർ നഗരസഭ ചെയർമാൻ ഡി. സജി, അരുണ്‍ കെ.എസ്. മണ്ണടി, രേഖ അനിൽ എന്നിവരും പങ്കെടുത്തു.
എസ്. രാധാകൃഷ്ണൻ, ആർ. രാജേന്ദ്രൻ പിള്ള, ആർ. ജയൻ, എ.പി. സന്തോഷ്, വിനോദ് തുണ്ട ത്തിൽ, ശ്രീനാദേവി കുഞ്ഞമ്മ, എം. മനു, എസ്. അഖിൽ, ബിബിൻ ഏബ്രഹാം, അശ്വിൻ മണ്ണടി, ബൈജു മുണ്ട പ്പള്ളി, അശ്വിൻ ബാലാജി എന്നിവരും ഓഫീസിലെത്തിയിരുന്നു.