പത്തനംതിട്ട: ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന് വിധേയമാകുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് ഭൂഷണമല്ലെന്ന് മന്ത്രി ആന്റണി രാജു. ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ പരേഡിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടനയിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും നടത്തുന്പോൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പോറൽ ഏൽക്കാതെ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ടെന്ന് മന്ത്രി ഓർമിപ്പിച്ചു.
അന്തസായി ജീവിക്കാനും അഭിപ്രായങ്ങൾ പറയാനുമുള്ള നമ്മുടെ അവകാശങ്ങൾ ആർക്കും അടിയറവ് വയ്ക്കാനുള്ളതല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കവർന്നെടുത്ത് അവയ്ക്കുമേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില ശക്തികളെങ്കിലും വിവിധയിടങ്ങളിൽ തലപൊക്കുന്നത് വർത്തമാനകാല സാഹചര്യത്തിൽ ദൃശ്യമാണ്. വ്യക്തികളുടെ പൗരാവകാശങ്ങൾ ഹനിക്കുവാൻ ശ്രമിക്കുന്ന സംഘടി ത നീക്കങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ, കൗണ്‍സിലർമാരായ പി.കെ. അനീഷ്, എ. സുരേഷ് കുമാർ, കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, എൽ. സുമേഷ്, സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽകുമാർ, എഡിഎം അലക്സ് പി. തോമസ്, കോഴഞ്ചേരി തഹസീൽദാർ കെ. ജയദീപ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോവിഡ് പ്രോട്ടോകോൾ പൂർണമായി പാലിച്ചു നടന്ന പരേഡിന്റെ നിയന്ത്രണം ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് പി.പി. സന്തോഷ് കുമാറിനായിരുന്നു.
റിസർവ് സബ് ഇൻസ്പെക്ടർ സാം ജി. ജോസ് നയിച്ച പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, അടൂർ പോലീസ് സ്റ്റേഷൻ വനിതാ സബ് ഇൻപെക്ടർ കെ.കെ. സുജാത നയിച്ച വനിതാ പോലീസ്, എക്സൈസ് ഇൻസ്പെക്ടർ അരുണ്‍ അശോക് നയിച്ച എക്സൈസ്, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സുബിൻ നയിച്ച ഫോറസ്റ്റ് എന്നീ പ്ലാറ്റൂണുക ളാണ് പരേഡിൽ അണിനിര ന്നത്.