ചങ്ങനാശേരി അതിരൂപത മഹായോഗം ഒക്ടോബര്‍ രണ്ടിനാരംഭിക്കും
1225969
Thursday, September 29, 2022 10:24 PM IST
ചങ്ങനാശേരി: അഞ്ചാമത് ചങ്ങനാശേരി അതിരൂപത മഹായോഗം ഒക്ടോബര്‍ രണ്ടുമുതല്‍ അഞ്ചുവരെ തീയതികളില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. രണ്ടിന് വൈകുന്നേരം ആറിന് സായാഹ്നപ്രാര്ഥനയോടെ മഹായോഗം ആരംഭിക്കും.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പിറ്റേന്നുമുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും.
അതിരൂപതയിലെ നാലുലക്ഷം വിശ്വാസികളുടെ അടുത്ത വര്‍ഷങ്ങളിലേക്കുള്ള അജപാലനസമിതിയുടെ രൂപീകരണം എന്ന നിലയിലുള്ള ഈ മഹായോഗം അതിരൂപതയെയും വിശ്വാസികളെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതും ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുന്നതുമാണെന്ന് ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അറിയിച്ചു.
മഹായോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവരെയും വൈദികരും സമര്‍പ്പിതരും അല്മായരും ഉള്‍പ്പെടുന്ന ഒമ്പത് ഗ്രൂപ്പുകളായി തിരിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചയ്ക്കെടുക്കുന്ന വിഷയങ്ങളും ചോദ്യങ്ങളും അവിടെ ചര്‍ച്ച ചെയ്യുന്നു. ഓരോ ദിവസവും ഉച്ചകഴിഞ്ഞ് ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്ന കണ്ടെത്തലുകള്‍ അവതരിപ്പിക്കുകയും നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തിച്ചേരുകയും ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, നിയുക്ത സഹായമെത്രാന്‍ മോണ്‍. തോമസ് പാടിയത്ത് എന്നിവര്‍ മുഴുവന്‍ സമയവും പങ്കെടുക്കും.
മഹായോഗത്തിന്റെ വിജയത്തിനായി 15അംഗ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. അതിരൂപത വികാരിജനറാളും ഷംഷാബാദ് നിയുക്ത സഹായമെത്രാനുമായ മോണ്‍. തോമസ് പാടിയത്താണ് മഹായോഗത്തിന്റെ ജനറല്‍ കണ്‍വീനര്‍. ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഫാ. ജോസഫ് ഈറ്റോലില്‍, അഡ്വ. ജോജി ചിറയില്‍, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മാര്‍ പെരുന്തോട്ടം വിളിച്ചുചേര്‍ക്കുന്ന
അഞ്ചാമത്തെ മഹായോഗം
ചങ്ങനാശേരി അതിരൂപതയില്‍ മാര്‍ ജോസഫ് പെരുന്തോട്ടം വിളിച്ചുചേര്‍ക്കുന്ന അഞ്ചാമത് ചങ്ങനാശേരി മഹായോഗമാണിത്. ക്രിസ്തീയവിളി സഭയിലും സമൂഹത്തിലും, കോവിഡനന്തര അജപാലനവും സിനഡാത്മക സഭയും എന്നിവയാണ് ഈ മഹായോഗത്തിന്റെ പൊതുവിഷയം. ഈ അതിരൂപതയെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന രീതിയില്‍ വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടുന്ന ഇരുനൂറോളം പേര് പങ്കെടുക്കും. ഇതര ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ഈ ദിവസങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളാണ്.
മൂന്നു ദിവസങ്ങളിലായി ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങള്‍ എന്നിങ്ങനെ ഏറ്റവും പ്രസക്തമായ വിഷയങ്ങള്‍ ഈ മഹായോഗത്തില്‍ ചര്‍ച്ച ചെയ്യും.