യോദ്ധാവ് പരിപാടിയില്‍ വിഷ്വല്‍ ഡ്രാമ നടത്തി
1225973
Thursday, September 29, 2022 10:24 PM IST
ആറന്മുള: സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതിന് പോലീസ് നടപ്പിലാക്കിവരുന്ന ലഹരി വിരുദ്ധ കാമ്പയിന് "യോദ്ധാവി'ന്റെ ഭാഗമായി വിഷ്വല്‍ ഡ്രാമ നടത്തി.
ആറന്മുള പോലീസ് സ്കൂള്‍ സേഫ്റ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടപരിയാരം എസ്എന്‍ഡിപി ഹൈസ്കൂളിലെ കുട്ടികള്‍ പങ്കെടുത്ത വിഷ്വല്‍ ഡ്രാമ നടന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ ഇന്നലെ ഇലന്തൂര്‍ ജംഗ്ഷനില്‍ നടത്തിയ ലഹരിമരുന്ന് വിരുദ്ധ സന്ദേശമടങ്ങിയ പരിപാടിയില്‍ മുപ്പതോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ആറന്മുള പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.കെ. മനോജ്, ഇടപ്പരിയാരം ഹൈസ്കൂളിലെ അധ്യാപകരായ ബിജു ജി. നായര്‍, പി.കെ. പ്രസന്നന്, എം.കെ. സുധ, അനീഷ് പ്രഭാകര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.