സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എംസിഎ
1225983
Thursday, September 29, 2022 10:28 PM IST
പത്തനംതിട്ട: ഓരോ കാരണങ്ങൾ നിരത്തി ഞായറാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള കേരള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ ഭദ്രാസന സമിതി ആവശ്യപ്പെട്ടു.
മത്സരപരീക്ഷകളടക്കം ഞായറാഴ്ചകളിൽ ക്രമീകരിക്കുന്നത് പതിവായിരിക്കുകയാണ്. സർക്കാർ ഓഫീസുകൾ സ്ഥിരമായി ഞായറാഴ്ചകളിൽ തുറന്നു പ്രവർത്തിക്കാൻ നിർദേശമുണ്ട്. ഗാന്ധിജയന്തി വിപുലമായി ആചരിക്കപ്പെടേണ്ടതാണെങ്കിലും അതിന്റെ പേരിൽ ഞായറാഴ്ച കുട്ടികളും അധ്യാപകരും രാവിലെ തന്നെ സ്കൂളുകളിൽ എത്താൻ നിർദേശിക്കുന്നതിനോടു യോജിക്കാനാകില്ല.
ഞായറാഴ്ചയുടെ പ്രാധാന്യം നഷ്ടമാക്കാൻ ക്രൈസ്തവർക്കാകില്ല. അതുകൊണ്ട് അന്നേദിവസം നിശ്ചയിച്ചിട്ടുള്ള മറ്റു പരിപാടികൾ പുനഃക്രമീകരിക്കാൻ സർക്കാർ തയാറാകണമെന്ന് എംസിഎ ആവശ്യപ്പെട്ടു.
പ്രസിഡന്റ് തോമസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സജി പീടികയിൽ, പി.കെ. ജോസഫ്, ചെറിയാൻ ചെന്നീർക്കര, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.