കരുവാറ്റയിൽ ആൾത്താമസമില്ലാത്ത അഞ്ചുവീടുകളിൽ മോഷണശ്രമം
1226304
Friday, September 30, 2022 10:46 PM IST
അടൂർ: കരുവാറ്റ ഭാഗത്ത് ആൾതാമസമില്ലാത്ത അഞ്ച് വീടുകളിൽ മോഷണശ്രമം. മോഷണത്തിനെത്തിയവർ ഒരു വീട്ടിലെ അടുക്കളയിൽ നിന്ന് സാധനങ്ങളെടുത്ത് കാപ്പിയിട്ട് കുടിച്ച് മണിക്കൂറുകൾക്കു ശേഷമാണ് മടങ്ങിയത്.
വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ അലീസ് വർഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മൻമോഹൻ വീട്ടിൽ രമാദേവി, അഷ്ടമിയിൽ സുഭാഷ് സുകുമാരൻ, അറപ്പുരയിൽ ഗീവർഗീസ് തോമസ് എന്നിവരുടെ വീടുകളാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്.
അറപ്പുരയിൽ വീട് രണ്ടു മാസം മുന്പാണ് ഗൃഹപ്രവേശ ചടങ്ങ് നടന്നത്. വീടിന്റെ കിച്ചൺ ക്യാബ്, തടി അലമാര, ഷോക്കേസ് എന്നിവ നശിപ്പിച്ചു. മറ്റത്തിൽ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് കാമറകൾ നശിപ്പിച്ചു. വീട്ടുടമസ്ഥർ തിരുവനന്തപുരത്തായിരുന്നു. ദൃശ്യങ്ങൾ കാമറയിലൂടെ വീട്ടുമസ്ഥർക്ക് ലഭിച്ചതായി പറയുന്നു.
ഇന്നലെ പുലർച്ചെ 2.44 വരെ കാമറയിൽ നിന്ന് ഇവർക്ക് ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിൽ ഒരു കാമറയിൽ ആരോ പോകുന്ന നിഴൽ ദൃശ്യമായിരുന്നതായി വീട്ടുടമ പറഞ്ഞു. അതിനുശേഷമാകാം മുൻവശത്തെ കാമറ നശിപ്പിച്ചതെന്നാണ് കരുതുന്നത്. നശിപ്പിച്ച കാമറ വീടിന് സമീപത്ത് നിന്നു കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 3.40 വരെ അടുക്കളയിൽ വെളിച്ചം ഉണ്ടായിരുന്നതായി വീടിന് പുറക് വശത്തെ കാമറയിൽ നിന്നും മനസിലാകുന്നതായി വീട്ടുകാർ പറഞ്ഞു. ഈ വീട്ടിലെ അടുക്കളയിൽ നിന്നു പാത്രം എടുത്ത് മോഷ്ടാക്കൾ ഏലക്കാ കാപ്പിയിട്ട് കുടിച്ച ശേഷമാണ് പോയത്. സിറ്റൗട്ടിൽ കാപ്പി കുടിച്ച ഗ്ലാസും ഇരിപ്പുണ്ടായിരുന്നു.
അടൂർ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.