ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റയാൾക്ക് കാഴ്ച നഷ്ടമായി
1226314
Friday, September 30, 2022 10:49 PM IST
റാന്നി: വസ്തു വീതം വച്ചതിലുള്ള തര്‍ക്കം കോടതിയില്‍ വർഷങ്ങളായി തുടരുന്നതിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ കണ്ണിനു പരിക്കേറ്റ സഹോദരന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു.
ഇടമുറി തോമ്പിക്കണ്ടം ഓലിയ്ക്കല്‍ ഒ.സി. കൊച്ചുകുഞ്ഞി(59)ന്റെ കാഴ്ചയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആക്രമണം നടന്നത്. എന്നാല്‍ സംഭവത്തില്‍ ഇദ്ദേഹത്തിന്റെ സഹോദരനെതിരേ പോലീസ് കേസെടുത്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
കൊച്ചുകുഞ്ഞിന്റെ പരിക്കേറ്റ കണ്ണ് ശസ്ത്രക്രിയയിലൂടെ തൂന്നിച്ചേർത്തുവെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല.
ഇരുമ്പുവടിക്കുള്ള അടിയേറ്റ് കണ്ണിന് സമീപത്തെ അസ്ഥി തകര്‍ന്ന് കൃഷ്ണമണി പുറത്തേക്കു തെറിച്ചാണ് കാഴ്ച നഷ്ടമായത്. ഒപ്പം മൂക്കിന്റെ അസ്ഥിയും ഒടിഞ്ഞിരുന്നു. സഹോദരന് തടത്തില്‍ വീട്ടില്‍ ബാബുവാണ് തന്നെ ആക്രമിച്ചതെന്നു കൊച്ചുകുഞ്ഞ് പറഞ്ഞു.
സഹോദരൻ ആസിഡ് ഒഴിച്ചു പരിക്കേല്പിച്ചതായി ആരോപിച്ച് ബാബുവും ചികിത്സയിലാണെന്ന് പറയുന്നു. റാന്നി പൊലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസ് എടുത്തിരുന്നു. സംഭവസ്ഥലം ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൂലിപ്പണിക്കാരനാണ് കൊച്ചുകുഞ്ഞ്.