ഹർത്താൽദിനത്തിലെ ആക്രമണം; പന്തളത്ത് ഒരാൾകൂടി പിടിയിൽ
1226585
Saturday, October 1, 2022 10:56 PM IST
പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിവസം പന്തളത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞ് ചില്ലു തകർത്തതും ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുന്തല, കക്കട, പാങ്ങായി മലയിൽ വീട്ടിൽ റെമീസ് റസാഖിനെ(24)യാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട ഒന്നാംപ്രതി കാർത്തിക പള്ളി ചെറുതന കോടമ്പള്ളിൽ സനുജി(32)നെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സനുജിനെ കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ഇരുവരുമായി സംഭവം നടന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് ജംഗ്ഷനിൽ എത്തി തെളിവെടുപ്പ് നടത്തി. ഹർത്താൽ ദിവസം രാവിലെ റമീസ് റസാഖിന്റെ ബൈക്കിൽ മങ്ങാരം പള്ളിയിൽ എത്തി സുഹൃത്തായ സനുജിനെയും ഒപ്പം കൂട്ടി ഇരുവരും മാർക്കറ്റ് ബൈക്കിൽ എത്തി. ഒന്നാംപ്രതി സനൂജ് കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതായാണ് പോലീസ് കേസ്. റമീസ് റസാഖ് സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.
കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്ര(49)നാണ് കല്ലേറിൽ ചില്ല് പൊട്ടിവീണ് കണ്ണിന് പരിക്കേറ്റത്. എസ്എച്ച്ഒ എസ്. ശ്രീകുമാർ, എസ്ഐമാരായ ബി.എസ്. ശ്രീജിത്ത്, ബി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു നടന്നത്.