ഇൻഷ്വറൻസ് ഏജന്റുമാരെ അവഗണിക്കുന്നതായി പരാതി
1242862
Thursday, November 24, 2022 10:16 PM IST
പത്തനംതിട്ട: ഇൻഷ്വറൻസ് ഏജന്റുമാരായി പ്രവർത്തിക്കുന്ന ഭാരതത്തിലെ നാൽപത് ലക്ഷത്തിലധികം വരുന്ന ആളുകളുടെ കമ്മീഷന് വെട്ടി കുറയ്ക്കുന്ന ഐആർഡിഎയുടെ പുതിയ നീക്കത്തിനെതിരേ, പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുക എന്ന സമരത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നിന്നു പ്രധാനമന്ത്രിക്ക് കത്തുകൾ പോസ്റ്റ് ചെയ്തു.
ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഓൾ ഇന്ത്യ കോർഡിനേറ്ററുമായ സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ബി. സുരേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രഭാകുമാരി, സംസ്ഥാന കമ്മിറ്റിയംഗം റെജി അലക്സാണ്ടർ, ജെറി സാം മാത്യു, പ്രേം കുമാർ, പി.കെ. ജയപ്രകാശ്, ബിജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.