ജില്ലയിൽ തൊഴിൽ കാത്ത് 1,00,900 ഉദ്യോഗാർഥികൾ
1242871
Thursday, November 24, 2022 10:19 PM IST
പത്തനംതിട്ട: ജില്ലയിൽ തൊഴിലിനുവേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത് 1,00,900 ഉദ്യോഗാർഥികൾ. എസ്എസ്എൽസി മുതൽ പിജി വരെയും സാങ്കേതിക വിദ്യാഭ്യാസരംഗത്തും യോഗ്യതയുള്ള ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 220 നിയമനങ്ങളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിയത്. ഇതിൽതന്നെ സ്ഥിരനിയമനം അന്പതിൽ താഴെയാണ്. നിലവിലെ സാഹചര്യത്തിൽ പരമാവധി തൊഴിൽ നൽകുകയെന്നതാണ് സർക്കാർ നയമെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുള്ളതായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ തന്നെ പറയുന്നു.
രാഷ്ട്രീയ ഇടപെടൽ
സർക്കാർ മേഖലയിൽ പോലും താത്കാലിക തസ്തികകൾ സൃഷ്ടിച്ചു നിയമനം നേരിട്ടു നടത്താനുള്ള വ്യഗ്രതയുണ്ട്. സർക്കാർ ഡ്രൈവർമാരായി താത്കാലിക നിയമനം നേടിയവർ പത്തു വർഷമായി ജോലിയെടുക്കുന്നുണ്ട്.
സ്ഥിരനിയമന തസ്തികയുണ്ടായിട്ടും നടപടികളുണ്ടാകാത്തതിനാൽ ഇവർ തുടരുകയാണ്. ഇത്തരക്കാർ സ്ഥിരനിയമനത്തിനുള്ള അവകാശം ഉന്നയിക്കാനുള്ള പഴുത് ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
താത്കാലികമായുണ്ടാകുന്ന തസ്തികകളിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുകൾ വേണ്ടുവോളമുണ്ടാകും. ഒഴിവുകൾ കൃത്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് അറിയിക്കുന്നതിനു മുന്പേ അറിയുന്നതു ഭരണകക്ഷി രാഷ്ട്രീയക്കാരിലാകും. ഇവരുടെ തത്പരകക്ഷികളാകും ഇത്തരം തസ്തികകളിൽ ജോലിക്കായി കയറിക്കൂടുക.
ഒഴിവുകൾ
അറിയിക്കാറില്ല
സംസ്ഥാന സർക്കാർ സ്ഥാപനങ്ങളാണെങ്കിലും മിൽമ, കേരഫെഡ്, പൊതുമേഖല സ്ഥാ പനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ കൃത്യമായി എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയാറില്ല.
മിൽമയിൽ നിയമനങ്ങൾ കോ ഓപ്പറേറ്റീവ് സ്ഥാപനമെന്ന നിലയിൽ അവർ നേരിട്ടു നടത്തുകയാണ് പതിവ്. ചില നിയമനം മാത്രമാണ് പിഎസ്സി മുഖേന നടക്കുന്നത്.
പത്തനംതിട്ട മിൽമ ഡയറിയിൽ ഇതു സംബന്ധമായി നടന്ന പരിശോധനയിൽ താത്കാലിക നിയമനം എല്ലാം അവർതന്നെ നടത്തുകയാണെന്നു വ്യക്തമായതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി.ജി. വിനോദ് പറഞ്ഞു.
ഇതേത്തുടർന്ന് സ്ഥാപനത്തിനു നോട്ടീസ് നൽകിയിട്ടുണ്ട്. സമാനമായ സാഹചര്യത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.