യുവദീപ്തി-എസ്എംവൈഎം സുവർണ ജൂബിലി സമാപനം 27 മുതല്‍ ഡിസംബർ നാലുവരെ
1243171
Friday, November 25, 2022 10:25 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎം സുവർണ ജൂബിലി സമാപന വാരാഘോഷം 27 മുതല്‍ ഡിസംബര്‍ നാലുവരെ നടക്കും. 1972 ഡിസംബര്‍ മൂന്നിനു കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ എസ്ബി കോളജിലെ കല്ലറയ്ക്കല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് യുവദീപ്തി പ്രസ്ഥാനത്തിനു ദീപം തെളിച്ചത്. അന്നത്തെ സഹായ മെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ദീര്ഘദര്ശനത്തില്നിന്നാണ് യുവജന പ്രസ്ഥാനത്തിന്റെ തുടക്കം.
ജൂബിലി പേടകം
27ന് വൈകുന്നേരം നാലിനു ജൂബിലി പേടക പ്രയാണം ചങ്ങനാശേരി അരമനപ്പടിയില്നിന്നു ബൈക്ക് റാലിയോടെ മെത്രാപ്പോലീത്തന്‍ ദേവാലയത്തിലേക്കു നീങ്ങും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ യുവദീപ്തി പതാക കൈമാറും. റാലി ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്യും.
28, 29, 30 തീയതികളില്‍ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അഖണ്ഡ ആരാധന നടക്കും. ഡിസംബര്‍ ഒന്നിന് ഓണ്‍ലൈന്‍ പ്രവാസി സംഗമവും അന്നു തന്നെ പൂര്‍വകാല പ്രവര്‍ത്തക സ്മരണാദിനവും ആചരിക്കും. പ്രവാസി യുവജന സംഗമം ഷംഷാബാദ് സഹായ മെത്രാന് മാര്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്യും. മുന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് ആനിമേറ്റേഴ്സ് മീറ്റ് സംഘടിപ്പിക്കും. മൂന്നിനു രാവിലെ 10.30 മുതല്‍ മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തില്‍ പൂര്‍വകാല പ്രവര്‍ത്തക സംഗമവും നടക്കും.