പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളെ സ്ത്രീസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്. കുടുംബശ്രീ ജില്ലാമിഷന് സ്നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ നിര്‍മാര്‍ജന ദിനാചരണത്തോടനുബന്ധിച്ച് ആറന്മുള യുവജന സാംസ്കാരികശാലയ്ക്ക് സമീപം സംഘടിപ്പിച്ച സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടി സമ-2022 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു അദ്ദേഹം.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എന്‍ആര്‍എല്‍എം പദ്ധതി മുഖേന ദേശീയ വ്യാപകമായി ഡിസംബര്‍ 23 വരെ വിവിധ പരിപാടികളോടെ ജെന്‍ഡര്‍ കാമ്പയിന് സംഘടിപ്പിക്കുന്നു.
"ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും' എന്നതാണ് കാമ്പയിന്റെ തീം. സംവാദ പരിപാടിയോടൊപ്പം ജെന്‍ഡര്‍ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു.
മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ വിഷയാവതരണവും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിജി ചെറിയാന് മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് നടന്ന സുരക്ഷിതമോ പൊതു ഇടങ്ങള്‍ സംവാദ പരിപാടിയില്‍ സദാമ്മ, രജനി വരദരാജന്, ശാലിനി, ഷീജ ബീഗം, പ്രദീപ് നീലാംബരി, അംബികയും വത്സലയും, മാലിനി, ഉഷകുമാരി, സോമവല്ലി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
ചോദ്യം ചോദിക്കാനുള്ള ആര്‍ജവം, അതിക്രമം നടത്തുന്നവരെ നോട്ടംകൊണ്ട് പിന്തിരിപ്പിക്കാനുള്ള ധൈര്യം, ആത്മവിശ്വാസം എന്നിവ നേടിയെടുക്കുകയും വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാനുള്ള ധൈര്യം കാണിക്കുകയും അതിക്രമങ്ങളെ ഒന്നിച്ച് പ്രതിരോധിക്കാനുള്ള ശേഷിയുമാണ് സ്ത്രീകള്‍ക്ക് ആവശ്യമെന്ന് പാനല്‍ അംഗങ്ങളായ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, സാമൂഹ്യപ്രവര്‍ത്തകയും അഭിഭാഷകയുമായ അഡ്വ. പി.വി. വിജയമ്മ, സാന്ത്വനം സുരക്ഷാ പ്രോജക്ട് മാനേജര്‍ വിജയ നായര്‍, ലീഡ് സ്കൂള്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അസോസിയേറ്റ് ഡയറക്ടര്‍ നോബിന് മത്തായി എന്നിവര്‍ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവർത്തക വി. പ്രവീണ പ്രോഗ്രാം മോഡറേറ്ററായിരുന്നു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രദീപ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ വത്സലാ വാസു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ശാമുവല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീരേഖ ആര്. നായര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡി. ശ്രീകുമാരി, സ്നേഹിത കൗണ്‍സിലര്‍ ട്രീസ എസ്. ജെയിംസ്, കമ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി എന്നിവര്‍ പ്രസംഗിച്ചു.