നിലയ്ക്കലിൽ ലഹരിവിരുദ്ധ ബോധവത്കരണ പവലിയൻ
1244254
Tuesday, November 29, 2022 10:48 PM IST
നിലയ്ക്കൽ: ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നുവെന്ന് കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ. നോ ടു ഡ്രഗസ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന് നിലയ്ക്കലില്‍ സ്ഥാപിച്ച ലഹരിവിരുദ്ധ ബോധവത്കരണ പവലിയനും ലഹരിക്കെതിരേ ഒരു ഗോള്‍ ഫുട്ബോള്‍ ഷൂട്ടൗട്ടും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഒരു കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളും സ്കൂള്‍ കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച പവലിയനാണ് എക്സൈസ് വിമുക്തിമിഷന്‍ മുത്തൂറ്റ് ഫിനാന്‍സുമായി ചേര്‍ന്ന് നിലയ്ക്കല്‍ വെര്‍ച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിന് സമീപം സ്ഥാപിച്ചിട്ടുള്ളത്.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന് അധ്യക്ഷത വഹിച്ചു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്, ശബരിമല എഡിഎം പി. വിഷ്ണുരാജ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ശബരിമല ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥ്, വാര്‍ഡ് മെംബർ മഞ്ജു പ്രമോദ്, പത്തനംതിട്ട പ്രസ് ക്ലബ് ട്രഷറര്‍ എസ്. ഷാജഹാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.