മല്ലപ്പള്ളി ടൗണിൽ ഇരുചക്ര വാഹന മോഷണം
1244255
Tuesday, November 29, 2022 10:48 PM IST
മല്ലപ്പള്ളി: ടൗണിൽ വ്യാപാരസ്ഥാപനത്തിനു മുന്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു. കോട്ടയം റോഡിലുള്ള ഗ്ലാസ് പാലസിൽ സാധനം വാങ്ങാൻ എത്തിയ കൊച്ചികുഴി ജോൺ വർഗീസ് കൊണ്ടുവന്ന KL 28 ബി 5441 ആക്ടീവ സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് മോഷണം. താക്കോൽ വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ മോഷ്ടാവ് വണ്ടി സ്റ്റാർട്ട് ചെയ്തു പോകുന്നതായി സിസിടിവി പരിശോധിച്ചതിൽ നിന്ന് വ്യക്തമായി.
പെയിന്റിംഗ് ജോലിയുമായി ബന്ധപ്പെട്ട് ജോൺ വർഗീസിന്റെ വീട്ടിലെത്തിയ അജികുമാറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് നഷ്ടപ്പെട്ടത്. കീഴ്വായ്പൂര് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടു കൂടി മല്ലപ്പള്ളിലെ പലവ്യഞ്ജന കടയിലെ ജോലിക്കാരന്റെ പുതിയ ഹീറോ സ്പെൻഡർ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ബൈക്ക് സൂക്ഷിച്ചിരുന്നടത്തുനിന്നും മാറ്റി മണിമലയാറിന്റെ തീരത്ത് മുളങ്കാട്ടിൽ ഒളിപ്പിച്ച നിലയിൽ പിന്നീട് കണ്ടെത്തി.
ബൈക്കിന്റെ സൈഡ് കവർ ഊരാൻ ശ്രമിച്ച എങ്കിലും പരാജയപ്പെടുകയായിരുന്നു. ബൈക്കിന്റെ സ്പാർക്ക് പ്ലഗ് ഊരി മാറ്റിയ നിലയിൽ ആയിരുന്നു.