കേരളത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കും: മന്ത്രി ആർ. ബിന്ദു
1245114
Friday, December 2, 2022 10:41 PM IST
തിരുവല്ല: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി ആർ. ബിന്ദു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി സമൂഹത്തിന് പിന്തുണയും സഹായവും നൽകാൻ വിവിധതരം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നതെന്നും ഇനിയും അത്തരം കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിലീവേഴ്സ് ബിഷപ് ജോഷ്വാ മോർ ബർണബാസ് അധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ആശുപത്രി മെഡിക്കൽ മിഷൻസ് ഡയറക്ടറുമായ റവ.ഡോ. ഡാനിയൽ ജോൺസൺ, പിഎംആർ വിഭാഗം മേധാവി ഡോ. റോഷിൻ മേരി വർക്കി, ഡോ. മരിയാ ബിജു, ആഗ്ന ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ ക്ലാസ് നയിച്ചു. വീൽ ചെയർ വാരിയേഴ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ശാരീരിക പരിമിതികളുള്ളവർക്കായി ബിലീവേഴ്സ് ആശുപത്രി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ് നടത്തി.