ആനത്താവളത്തിൽ ആനയെ തടഞ്ഞ സംഭവത്തിൽ അടൂർ പ്രകാശിനെ വെറുതെവിട്ടു
1245115
Friday, December 2, 2022 10:41 PM IST
കോന്നി: ആനത്താവളത്തിലെ സുരേന്ദ്രൻ എന്ന ആനയെ കുങ്കി പരിശീലനത്തിന് തമിഴ്നാട്ടിലെ മുതുമലയിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ കോന്നി മുൻ എംഎൽഎ അടൂർ പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം റോബിൻ പീറ്റർ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിള എന്നിവർക്കെതിരേ വനപാലരെടുത്ത കേസിൽ എല്ലാവരെയും പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടു.
2018 ജൂൺ എട്ടിനായിരുന്നു സംഭവം. മുതുമലയിലേക്ക് കൊണ്ടുപോകാൻ വനപാലകർ ആനയെ ലോറിയിൽ കയറ്റി.
വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ആനയെ കൊണ്ടുപോകാൻ തീരുമാനിച്ചത്.
വിവരം അറിഞ്ഞ് പ്രതിഷേധവുമായി ആനപ്രേമികൾ ആനത്താവളത്തിൽ സംഘടിച്ചു. അടൂർ പ്രകാശും പഞ്ചായത്ത് ഭാരവാഹികളുമെത്തി ലോറി തടഞ്ഞു. തുടർന്ന് അന്നത്തെ വനം മന്ത്രി കെ. രാജു ഇടപെട്ട് ആനയെ ലോറിയിൽനിന്ന് തിരികെയിറക്കി.
ഇതുമൂലം 92,000 രൂപയുടെ നഷ്ടം വനംവകുപ്പിനുണ്ടായതായി റിപ്പോർട്ട് കിട്ടിയതോടെ അടൂർ പ്രകാശിനേയും കൂട്ടരേയും പ്രതിയാക്കി കോന്നി റേഞ്ച് ഓഫീസർ കോടതിയിൽ കേസ് ചാർജ് ചെയ്തു. എന്നാൽ, സംഭവം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് മജിസ്ട്രേറ്റ് സന്തോഷ് ദാസ് ഉത്തരവിൽ പറഞ്ഞു.