വോട്ടര്‍പട്ടികയില്‍ പേര് ചേർക്കൽ; പ്രത്യേക കാമ്പയിന് ഇന്നും നാളെയും
1245118
Friday, December 2, 2022 10:41 PM IST
പത്തനംതിട്ട: പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ള പേര്, ഫോട്ടോ, വയസ്, ജനനതീയതി, കുടുംബവിവരങ്ങള്‍ എന്നിവയില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിനും എട്ടുവരെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുതുക്കും. ഇതിനായി ഇന്നും നാളെയും പ്രത്യേക കാമ്പയിനുകള്‍ താലൂക്ക്, വില്ലേജ് തലങ്ങളില്‍ സംഘടിപ്പിക്കും.
കരട് വോട്ടര്‍ പട്ടികകള്‍ പരിശോധിക്കുന്നതിന് എട്ടുവരെ എല്ലാദിവസവും താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടര്‍പട്ടിക പുതുക്കുന്നതോടനുബന്ധിച്ച് ബിഎല്‍ഒമാരുടെ കൈവശമുള്ള വോട്ടര്‍പട്ടികകള്‍ പരിശോധിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ ഉറപ്പ് വരുത്താം.
ബ്ലോക്ക് കേരളോത്സവം
കോന്നി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയുമായി നടക്കും. ഇന്നു പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കെ.യു. ജനീഷ് കുമാർ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിക്കും.
കലാകായിക മത്സരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിലും പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലുമായി നടക്കും. നാളെ വൈകുന്നേരം അഞ്ചിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.