എംസി റോഡിൽ ടാങ്കർ ലോറി ഇടിച്ച കാറിനു തീപിടിച്ചു
1246620
Wednesday, December 7, 2022 10:09 PM IST
അടൂർ: എംസി റോഡിൽ ടാങ്കർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു. കാറിന്റെ അടിഭാഗത്തു തീപിടിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന് വടക്കടത്തുകാവ് നടയ്ക്കാവ് ജംഗ്ഷനിലായിരുന്നു അപകടം.
കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേക്ക് വരികയായിരുന്ന സാൻട്രോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്ത് തീ ഉയർന്നത് ഭീതി പരത്തി.
കാർ ഓടിച്ചിരുന്ന കൊട്ടാരക്കര ശ്രീശൈലം വീട്ടിൽ ജയചന്ദ്രൻ (56) വാഹനത്തിനുള്ളിൽ നിന്നു പുറത്തുകടക്കാനും ആകുമായിരുന്നില്ല. സംഭവം അറിഞ്ഞു അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങൾ സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. സേന ഹൈഡ്രോളിക് കട്ടർ, റോപ്പ് എന്നിവയുപയോഗിച്ച് ജയചന്ദ്രനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സ്ഥലത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസിൽ അടൂർ ജനറൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽപെട്ട കാർ റോഡ് വശത്തേക്ക് മാറ്റിയശേഷം അഗ്നിരക്ഷാസേന അപകട അവശിഷ്ടങ്ങൾ ഒഴിവാക്കി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സി. റെജി കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ, അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.