വയോധികയ്ക്കുനേരെ അതിക്രമം നടത്തിയയാൾ അറസ്റ്റിൽ
1247313
Friday, December 9, 2022 10:45 PM IST
റാന്നി: വീട്ടിൽ അതിക്രമിച്ചുകടന്ന് ഉറങ്ങിക്കിടന്ന അറുപത്തിയഞ്ചുകാരിയെ കടന്നുപിടിച്ചയാളെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മണിയാർ അരീയ്ക്കക്കാവ് ചരിവുകാലായിൽ ബഷീറാ(രഘു, 51)ണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ 3.30 ഓടെ മണിയാർ ഹൈസ്കൂളിന് സമീപത്തുള്ള വീടിന്റെ അടുക്കളവാതിലിലൂടെ ഇയാൾ അതിക്രമിച്ചുകടന്ന്, കിടപ്പുമുറിയിൽ ഉറങ്ങിക്കിടന്ന വയോധികയുടെ കാലിൽ കയറിപ്പിടിച്ചത്.
വീട്ടമ്മ ഞെട്ടിയുണർന്ന് ബഹളം കൂട്ടിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. മനസാന്നിധ്യം വീണ്ടെടുത്ത അവർ ഉടൻ തന്നെ പെരുനാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നിർദേശപ്രകാരം, എസ്സിപിഒ സുഷമ കൊച്ചുമ്മൻ വീട്ടിലെത്തി സ്ത്രീയുടെ മൊഴിരേഖപ്പെടുത്തി. കേസെടുത്ത് എസ്ഐ റെജി തോമസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെ മണിക്കൂറുകൾക്കകം ബഷീറിനെ കുടുക്കി. നേരത്തെയും പല ക്രിമിനിൽ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.