ജനറൽ ആശുപത്രി എച്ച്എംസി പേ വാർഡ് നവീകരണം പൂർത്തിയായി നാളെ ഉദ്ഘാടനം
1261846
Tuesday, January 24, 2023 10:35 PM IST
പത്തനംതിട്ട: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ എച്ച്എംസി പേവാർഡ് പ്രവർത്തനക്ഷമമാകുന്നു. റിപ്പബ്ലിക് ദിനത്തിൽ നവീകരിച്ച പേവാർഡ് തുടർന്നു നൽകാൻ നഗരസഭാ ഭരണസമിതി തീരുമാനിച്ചു. കോവിഡ് വ്യാപനത്തോടെ കോവിഡ് വാർഡായി മാറിയ പേവാർഡ് പൂർണമായി തകർന്നിരുന്നു.
ജനറൽ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്നു മാറ്റിയപ്പോഴും പേവാർഡിന്റെ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. പേവാർഡ് പുനർ നിർമിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്നു ആവശ്യമുയർന്നിരുന്നു. നഗരസഭാ ഫണ്ടിൽനിന്നു പണം വിനിയോഗിച്ചാണ് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. 33 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ ചെലവഴിക്കുന്നത്.
പത്തനംതിട്ടയിലെ പ്രധാന ആരോഗ്യ കേന്ദ്രമായി ജനറൽ ആശുപത്രിയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പേവാർഡ് നവീകരണമെന്നു നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. നവീകരിച്ച പേ വാർഡിന്റെ ഉദ്ഘാടനം നാളെ രാവിലെ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
രണ്ടു നിലകളിലായി 24 മുറികളുണ്ട്. എട്ട് ഡീലക്സ് മുറികളാണ്. എയർകണ്ടീഷൻ, വാട്ടർ ഹീറ്റർ സൗകര്യം ഉണ്ടാകും. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനകരമായ നിലയിൽ എല്ലാ മുറികളിലും ഇന്റർനെറ്റ് കണക്ഷനും നൽകുന്നുണ്ട്.
വാർഡുകളുടെ സമ്പൂർണ ശുചിത്വം ഉറപ്പാക്കാൻ പ്രത്യേകം ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. സാധാരണക്കാരുടെ ആശ്രയമായിരുന്ന പേ വാർഡ് പ്രവർത്തനം നിലച്ചത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.