പുതമണ്ണിൽ പുതിയ പാലത്തിന്റെ നടപടികൾ വേഗത്തിലാക്കും: എംഎൽഎ
1263337
Monday, January 30, 2023 10:03 PM IST
പത്തനംതിട്ട: പുതമണ്ണിൽ പുതിയ പാലം പണിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നിലവിലെ പാലം പൊളിച്ചു പണിയണമെന്നു തന്നെയാണ് സ്ഥലം സന്ദർശിച്ച പിഡബ്ല്യുഡി പാലം വിഭാഗം ചീഫ് എൻജിനിയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിഗമനം. ഇതിനായി സ്ഥലപരിശോധന ആരംഭിച്ചിട്ടുണ്ട്. ഡിസൈൻ തയാറാക്കി മറ്റു നടപടിക്രമങ്ങളും അതിവേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ പാലം താത്കാലിക അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകില്ല. എഴുപത് വർഷം പഴക്കമുള്ള പാലത്തിന്റെ കൽക്കെട്ട് അടക്കം തകർന്നിരിക്കുകയാണ്. പാലത്തിന്റെ രണ്ട് വശങ്ങളിലായി വീതി കൂട്ടിയ ഭാഗം ഉപയോഗപ്പെടുത്തി ഇരുചക്ര വാഹനയാത്ര അനുവദിച്ചിട്ടുണ്ട്. തകർന്ന ഭാഗം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. താത്കാലിക റോഡ് നിർമിക്കുന്നതു സംബന്ധിച്ച് പരിശോധിക്കും. സ്ഥലം ഉടമ ഇതിന് സമ്മതം നൽകുകയാണ് ആദ്യമായി വേണ്ടത്. പാടത്തുകൂടിയുള്ള താത്കാലിക റോഡിന്റെ സാധ്യത സംബന്ധിച്ച് പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ കടത്തിവിടുന്ന തരത്തിലുള്ള താത്കാലിക പാതയുടെ നിർമാണം വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടിവരുമെന്നും പ്രമോദ് നാരായൺ പറഞ്ഞു.
പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിലേക്ക് സ്വകാര്യ ബസുകൾ പുതമൺ ഇരുകരകളിലുമെത്തി മടങ്ങിപ്പോകുന്നതു സംബന്ധിച്ച നിർദേശം ജോയിന്റ് ആർടിഒ സ്വകാര്യ ബസുടമകളുമായി ചർച്ച ചെയ്തു വരികയാണ്.
പാലത്തിന്റെ ഇരുകരകളിലും ബസുകളെത്തിയാൽ യാത്രക്കാർ നടന്ന് മറുകരയിലെത്തുകയും യാത്ര തുടരുകയുമാകാം. ഇത് കോഴഞ്ചേരി-കീക്കൊഴൂർ-റാന്നി പാതയിൽ നിലവിലുള്ള യാത്രാക്ലേശം ഒരുപരിധിവരെ പരിഹരിക്കാനാകും.