മൂല്യവര്‍ധിത കൃഷിയിലേക്ക് തിരിയണം: മന്ത്രി പി. പ്രസാദ്
1263658
Tuesday, January 31, 2023 10:24 PM IST
പെരുനാട്: മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൃഷി ചെയ്ത് ലോകോത്തര ബ്രാന്‍ഡുകളില്‍ വില്പന ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്ന് മന്ത്രി പി. പ്രസാദ്. റാന്നി പെരുനാട് പഞ്ചായത്തില്‍ ജനകീയാസൂത്രണം, കുടുംബശ്രീ പദ്ധതികളുടെ രജതജൂബിലി ആഘോഷവും 2022-23 വാര്‍ഷിക പദ്ധതി നിര്‍വഹണവും കാര്‍ഷിക കർമ ഗുണഭോക്തൃ സംഗമത്തിന്റെയും പൊതുസമ്മേളനം ഉദ്ഘാടനം മഠത്തുമൂഴി ശബരിമല ഇടത്താവളത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡിംഗ് നടത്തി വില്‍ക്കുന്നതിലൂടെയും കാര്‍ഷിക കര്‍മ സേനയെ ചിട്ടപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെയും വരുമാനം ലഭ്യമാക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയിലെ തൊഴില്‍ സേന യന്ത്രവത്കൃതസേനയായി മാറുന്നതിലൂടെ കര്‍ഷകനെയും തൊഴിലാളിയേയും ഒരുപോലെ സഹായിക്കാനാകും. റാന്നി പെരുനാട് പഞ്ചായത്തില്‍ കാര്‍ഷിക കര്‍മ സേനയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വീട്ടില്‍ ഒരു പച്ചക്കറി പദ്ധതിയുടെ ആനുകൂല്യങ്ങളും ഫലവൃക്ഷത്തൈകളും മന്ത്രി വിതരണം ചെയ്തു.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ രജത ജൂബിലി ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിർവഹിച്ചു.