കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്
1263661
Tuesday, January 31, 2023 10:24 PM IST
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു. അടൂർ പത്തനാപുരം റോഡിൽ മരുതി മൂട് ജംഗ്ഷനു സമീപം ഇന്നലെ രാവിലെയാണ് സംഭവം.
കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ വിഷ്ണുവിനെ ചായലോട് മൗണ്ട് സിയോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുതിമൂട് സെന്റ് ജോർജ് കോൺവെന്റിന്റെ എതിർവശത്തെ ഉപറോഡിൽ നിന്ന് സംസ്ഥാന പാതയിലേക്കിറങ്ങി വന്ന കാട്ടുപന്നി അടൂരിലേക്ക് വരികയായിരുന്ന വിഷ്ണുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാട്ടുപന്നി പിന്നീട് ചത്തു. വനപാലകർ മേൽനടപടി സ്വീകരിച്ചു.