നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവക ശതാബ്ദി ഉദ്ഘാടനം നാലിന്
1263941
Wednesday, February 1, 2023 10:16 PM IST
പത്തനംതിട്ട: നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ശതാബ്ദി ഉദ്ഘാടനം നാലിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരുവർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. നെല്ലിമല ഇഎഎൽപി സ്കൂളിൽ 1924ൽ ആരംഭിച്ച ആരാധനാ സമൂഹമാണ് പിൽക്കാലത്ത് ഇടവകയായി മാറിയത്. ശതാബ്ദിയോടനുബന്ധിച്ച് വനിത, യുവജന, വയോജന സമ്മേളനങ്ങൾ, കുട്ടികൾക്കായി ക്യാന്പുകൾ, പഠനക്ലാസുകൾ, ഭവനനിർമാണം, വിവിധ ചികിത്സാ സഹായ പദ്ധതികൾ, മിഷൻ ഫീൽഡ് സന്ദർശനം തുടങ്ങിയവ ക്രമീകരിക്കും.
നാലിനു രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമാകും. 11ന് കൂടുന്ന സമ്മേളനത്തിൽ ശതാബ്ദി ആഘോഷ പരിപാടികൾ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള, റവ. ജോർജ് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
വികാരി റവ. ജിജോ എം. ജേക്കബ്, ജനറൽ കൺവീനർ ജോസഫ് നെല്ലാനിക്കൻ, ട്രസ്റ്റി സി.ടി. ഈപ്പൻ, പബ്ലിസിറ്റി കൺവീനർ സുബിൻ നീറുംപ്ലാക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.