ശബരിമലയ്ക്കു 30 കോടി നൽകിയത് വികസന കാഴ്ചപ്പാടോടെയെന്ന് സിപിഎം
1264554
Friday, February 3, 2023 11:04 PM IST
പത്തനംതിട്ട: ശബരിമലയുടെ വികസനത്തിന് സംസ്ഥാന ബജറ്റിൽ അനുവദിച്ച സഹായം ജില്ലയുടെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.
കേന്ദ്ര ബജറ്റിൽ ശബരിമലയെ പൂർണമായും അവഗണിക്കുകയായിരുന്നു.
ശബരിമലയുടെ സമഗ്ര വികസനമാണ് മാസ്റ്റർ പ്ലാനിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിന് കഴിഞ്ഞ സംസ്ഥാന ബജറ്റിലും 30 കോടി രൂപ നീക്കിവച്ചിരുന്നു. ഇത്തവണയും 30 കോടി അനുവദിച്ചു. ഇതു കൂടാതെ കുടിവെള്ള പദ്ധതികൾക്കടക്കം പണം അനുവദിച്ചത് ഏറെ സ്വാഗതാർഹമാണ്.
ജില്ലയിലെ വലിയൊരു ജനവിഭാഗം കാർഷിക മേഖലയെയാണ് ആശ്രയിക്കുന്നത്.
റബർ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാരാണ് മുന്നോട്ടുവന്നത്. 600 കോടി രൂപയാണ് സബ്സിഡിയിനത്തിൽ നീക്കിവച്ചത്. താലൂക്ക് ആശുപത്രികളോടനുബന്ധിച്ച് നഴ്സിംഗ് കോളജ് തുടങ്ങുന്നതും വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ഗുണപ്രദമാകുമെന്ന് കെ.പി. ഉദയഭാനു പറഞ്ഞു.