കിണറ്റിൽ വീണ അമ്മയെയും കുഞ്ഞിനെയും രക്ഷപെടുത്തി
1264813
Saturday, February 4, 2023 10:28 PM IST
അടൂർ: കുത്താൻ ശ്രമിച്ച പശുവിൽ നിന്നു രക്ഷപെടാൻ ശ്രമിച്ച അമ്മയും കുഞ്ഞും കിണറ്റിൽ വീണു.
പെരിങ്ങനാട്, കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24), മകൻ വൈഷ്ണവ് (ഒന്ന്) എന്നിവരാണ് കിണറ്റിൽ വീണത്. തോട്ടത്തിൽ മേയുകയായിരുന്ന പശു കുത്താൻ ഓടിച്ചപ്പോൾ പരിഭ്രമിച്ച് ഓടി അബദ്ധവശാൽ മേൽ മൂടിയില്ലാത്ത കിണറിൽ വീഴുകയായിരുന്നുവെന്നു പറയുന്നു. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും കുട്ടിയെ നാട്ടുകാർ പുറത്തെടുത്തു. രേഷ്മയെ നാട്ടുകാരുടെ സഹായത്തോടെ നെറ്റിൽ ഇരുത്തി ഫയർഫോഴ്സ് സംഘം കരയ്ക്ക് എത്തിച്ചു.
30 അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറിന്റെ മുകൾ ഭാഗം ഫ്ളെക്സ് ഇട്ട് മറച്ചിരുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നു രേഷ്മ പറഞ്ഞു. സ്റ്റേഷൻ ഓഫീസർ വി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേന അംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്.