നടപടി വേണം: പുതുശേരി
1265138
Sunday, February 5, 2023 10:09 PM IST
മല്ലപ്പള്ളി: കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പത്തനംതിട്ട ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് കുന്നന്താനം മണ്ഡലം ട്രഷററുമായ അരുണ്‍ ബാബു അമ്പാടിയെ സിപിഎം കുന്നന്താനം ലോക്കല്‍ സെക്രട്ടറി മര്‍ദിച്ച സംഭവത്തെ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി അപലപിച്ചു.
പാലയ്ക്കാത്തകിടി സ്കൂളിനു പുതിയ കെട്ടിടം നിര്‍മിക്കാനെന്ന പേരില്‍ വിവിധ ഏജന്‍സികളില്‍നിന്നായി കോടിക്കണക്കിനു രൂപ സമാഹരിച്ചെങ്കിലും പുതിയ കെട്ടിടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയും ചെയ്തു.
നാട്ടുകാരില്‍നിന്നു സംഭാവന സ്വീകരിച്ചു വാങ്ങിയ സ്കൂള്‍ ബസ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഉപയോഗിക്കാതെ മല്ലപ്പള്ളിയില്‍ ഇട്ടിട്ട് ഒരു സ്വകാര്യ വ്യക്തിയുടെ ടെമ്പോ ട്രാവലറിലാണ് ഇപ്പോള്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും നാളുകളായി ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും ഇക്കാര്യം അന്വേഷിച്ചെത്തിയ മാധ്യമസംഘത്തിനു സ്കൂളിലേക്കുള്ള വഴി കാണിച്ചുകൊടുത്തെന്ന പേരില്‍ അരുണ്‍ ബാബുവിനെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നെന്നു പുതുശേരി ചൂണ്ടിക്കാട്ടി.
ഭരണത്തിന്റെ പിന്‍ബലത്തില്‍ മറ്റുള്ളവര്‍ക്കെതിരേ എന്തും ചെയ്യാമെന്ന ധാര്‍ഷ്ഠ്യമാണ് മര്‍ദനത്തിനു പിന്നിൽ. പോലീസ് നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും പുതുശേരി ആവശ്യപ്പെട്ടു.