വടശേരിക്കര, കോട്ടാങ്ങൾ സ്കൂൾ കെട്ടിട നിർമാണത്തിന് രണ്ടുകോടി
1265414
Monday, February 6, 2023 10:51 PM IST
റാന്നി: റാന്നിയിലെ രണ്ട് സ്കൂളുകളുടെ നിർമാണത്തിനായി രണ്ടു കോടി രൂപ.
റാന്നി നോളജ് വില്ലേജ്പദ്ധതിയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വടശേരിക്കര, കോട്ടാങ്ങൽ ഗവൺമെന്റ് എൽപി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായാണ് ഓരോ കോടി രൂപ വീതം സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചിരിക്കുന്നതെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നിയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന പ്രവർത്തനങ്ങളും സംബന്ധിച്ച് വിശദമായ അക്കാദമിക് സർവേ നടത്തിയിരുന്നു.
കെട്ടിടത്തിന്റെ ബലക്ഷയം കാരണം താത്കാലിക സംവിധാനത്തിലേക്ക് പഠനം മാറ്റേണ്ടിവന്ന വടശേരിക്കര, കോട്ടാങ്ങൽ സ്കൂളുകളുടെ കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു. രണ്ട് സ്കൂളിലും ഉപയോഗിക്കാൻ പാടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം റിപ്പോർട്ട് ചെയ്തിരുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കി പുതിയത് പണിയാൻ നിർദേശം നൽകിയത്.
കാലപ്പഴക്കം മൂലം തകർന്ന വടശേരിക്കര സ്കൂൾ കെട്ടിടവും 2021ലെ മഹാമാരിയിൽ തകർന്ന കോട്ടാങ്ങൽ സ്കൂളിനും അടിയന്തരമായി കെട്ടിടം നിർമിക്കേണ്ട വിദ്യാലയങ്ങളുടെ ആദ്യ പരിഗണനാ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നു.
നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ട് , എംഎൽഎ ഫണ്ട്, സിഎസ്ആർ ഫണ്ട് എന്നിവ വിനിയോഗിച്ച് ഘട്ടംഘട്ടമായി എല്ലാ വിദ്യാലയങ്ങളുടെയും സൗകര്യം മെച്ചപ്പെടുത്തുമെന്ന് എംഎൽഎ അറിയിച്ചു.