പ്രഫഷണൽ നാടകമേള നാളെ മുതൽ റാന്നിയിൽ
1279694
Tuesday, March 21, 2023 10:46 PM IST
പത്തനംതിട്ട: കേരള സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രഫഷണൽ നാടകമേള റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ നാളെ മുതൽ 25വരെ റാന്നിയിൽ നടക്കും. സംഗീത നാടക അക്കാഡമിയുടെ ചുമതലയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്ന നാടകമേളയുടെ പത്തനംതിട്ട ജില്ലാതല പരിപാടിയാണ് റാന്നിയിൽ സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം 6.30ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി മേള ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, റാന്നി സർക്കിൾ സഹകരണ സംഘം പ്രസിഡന്റ് പി.ആർ. പ്രസാദ് തുടങ്ങിയവർ പ്രസംഗിക്കും.
ഗുരുവായൂർ ബ്രഹ്മക്കുളം നാടക ഗ്രാമത്തിന്റെ "നൂറാമൻ' എന്ന നാടകമാണ് ആദ്യദിവസം അരങ്ങേരുന്നത്. രണ്ടാംദിവസം എറണാകുളം നാടകവേദിയുടെ "ചൂണ്ടുവിരൽ' എന്ന നാടകവും മൂന്നാം ദിവസം കണ്ണൂർ സംഘചേതനയുടെ "ചരട്' എന്ന നാടകവും അവതരിപ്പിക്കും.
രണ്ടാംദിവസം നടക്കുന്ന സമ്മേളനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്യും. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽ കുമാർ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് സ്റ്റീഫൻ, റിങ്കു ചെറിയാൻ, ഷൈൻ ജി. കുറുപ്പ്, ഏബ്രഹാം മാത്യു, തോമസ് മാമ്മൻ തുടങ്ങിയവർ പ്രസംഗിക്കും.
നാടകമേളയുടെ സംസ്ഥാനതല സമാപനസമ്മേളനം 25നു വൈകുന്നേരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ്, പി.എസ്. സതീഷ് കുമാർ, ജോൺ ഏബ്രഹാം, ടി.എൻ. ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിക്കും. നാടക പ്രവർത്തകരായ കൊടുമൺ ഗോപാലകൃഷ്ണൻ, വിനോദ് റാന്നി, അതിരുങ്കൽ സുഭാഷ് എന്നിവരെ വിവിധ ദിവസങ്ങളിൽ ആദരിക്കും.
റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ, സെക്രട്ടറി സുനിൽ മാത്യു, കൺവീനർ എസ്. അജിത്, ബിനു ജോർജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.