നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1279959
Wednesday, March 22, 2023 10:43 PM IST
അടൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേർ അറസ്റ്റിൽ. അടൂർ മണക്കാല സർവോദയം ജംഗ്ഷനിലെ കടയിൽ നിന്നും വീട്ടിൽ നിന്നുമാണ് 717 പായ്ക്കറ്റ് പിടികൂടിയത്. മണക്കാല തൂവയൂർ നോർത്ത് ചാങ്ങീലെത്ത് വീട്ടിൽ ഭാസ്കരന്റെ മകൻ ബിജു (48), ഉഷാകുമാരി (50), ഉഷാകുമാരിയുടെ മകൾ അഞ്ജന (23) എന്നിവരെയാണ് ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
കടയിലും, പ്രതികൾ താമസിക്കുന്ന വീട്ടിലും വില്പനയ്ക്കായി സംഭരിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന് കൈമാറിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പത്തനംതിട്ട പോലീസുമായി ചേർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്.
ജില്ലയിൽ ഇത്തരം റെയ്ഡുകൾ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു.
അടൂർ പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ എം. മനീഷ്, ഡാൻസാഫ് എസ്ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, അടൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ അജിത്, സിപിഒമാരായ അനീഷ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
പത്തനംതിട്ട: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പത്തനംതിട്ട പ്രസ്ക്ലബ് റോഡിൽ വ്യാപാരം നടത്തുന്ന തൈക്കാവ് പുത്തൻവീട്ടിൽ എം. ഷാജഹാൻ (55) അറസ്റ്റിലായി. 49 പായ്ക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങൾ ഇയാളിൽ നിന്നു പിടികൂടി.
നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പത്തനംതിട്ട പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.