അനധികൃത പച്ചമണ്ണ് ഖനനം, മൂന്നു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
1279971
Wednesday, March 22, 2023 10:47 PM IST
ആറന്മുള: അനധികൃതമായി പച്ചമണ്ണ് കടത്ത് സംബന്ധിച്ച പരാതിയേത്തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു, മൂന്നു പേർ അറസ്റ്റിൽ. പച്ചമണ്ണ് ഖനനത്തിന് ഉപയോഗിച്ച ജെസിബിയുടെ ഓപ്പറേറ്റർ ഇടയാറന്മുള ആനംതിട്ടഅജീഷ്, ടിപ്പർ ഡ്രൈവർമാരായ ഇടയാറന്മുള എരുമക്കാട് കിഴക്കേചരുവിൽ സുധീപ്, മെഴുവേലി കൈപ്പുഴ നോർത്ത് വട്ടമോടിയിൽ കിഴക്കേതിൽ അമൽ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ആറന്മുള പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
കളരിക്കോട് ശാന്തിക്കുഴിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് അനധികൃത ഖനനം നടത്തിയത്. ഒരു ടിപ്പർ ലോറിയിൽ പച്ചമണ്ണ് കയറ്റിക്കൊണ്ടിരിക്കുന്ന നിലയിലും ഒരെണ്ണം മണ്ണെടുക്കാൻ കാത്തുകിടന്ന നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ ഇത്തരം പരിശോധനകൾ തുടരുകയാണ്.
പാസോ, അനുമതി പത്രമോ ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. നടപടികൾക്കായി വാഹനങ്ങൾ മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്ക് പോലീസ് കൈമാറി. ഡാൻസാഫ് എസ്ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ സുജിത്, മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ എന്നിവരും, ആറന്മുള സ്റ്റേഷനിലെ എസ്ഐ സാജു, സിപിഒ മുബാറക് എന്നിവരുമടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.