രാഷ്ട്രീയം വിദ്വേഷം പടർത്താനുള്ളതാകരുത്: പി.എസ്. ശ്രീധരൻപിള്ള
1281619
Monday, March 27, 2023 11:49 PM IST
പത്തനംതിട്ട: ആശയപരമായി പരസ്പരം എതിർക്കുന്നതിൽ തെറ്റില്ലെങ്കിലും വെറുപ്പും വിദ്വേഷവും പടർത്താനുള്ള വേദിയായി രാഷ്ട്രീയത്തെ മാറ്റരുതെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് സപ്തതി സമാപന സമ്മേളനവും പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ചവര്‍, ഇപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയില്‍ കാത്തുകെട്ടി നിൽക്കുകയാണെന്ന് ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. ശിവഗിരി മഠം സംഘടിപ്പിച്ച പരിപാടിയില്‍നിന്ന് നരേന്ദ്രമോദി പങ്കെടുത്തതുകൊണ്ടുമാത്രം വിട്ടു നിന്നവരാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികൾ.
ശ്രീധരന് പിള്ളയുടെ സമയം നോക്കിയാണ് ഇപ്പോള്‍ കേരളത്തിലെ ക്രിസ്തീയ സഭകള്‍ പൊതുപരിപാടികള്‍ക്കുള്ള സമയം തീരുമാനിക്കുന്നതെന്ന തരത്തില്‍ പ്രചാരണങ്ങള്‍ പല പാര്‍ട്ടികള്‍ക്കുമുണ്ട്. താന്‍ ബിഷപ്പുമാരെ കാണുന്നത് രാഷ്ട്രീയക്കണ്ണോടെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. തലശേരി, താമരശേരി ബിഷപ്പുമാരെ കണ്ടതും ഇത്തരം സൗഹൃദങ്ങളുടെ ഭാഗമാണ്.
പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്റെ ശൈലി ഇതാണ്. വിശ്വാസത്തിനൊപ്പം നാടിനുവേണ്ടിയും ജീവിതം മാറ്റിവച്ച പിതാക്കന്മാരോട് എനിക്ക് പണ്ടുമുതലേ വളരെ അടുത്ത ബന്ധമാണുള്ളതെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്കുന്ന സ്നേഹവീടുകളില്‍ ആദ്യത്തേതിന്റെ ധാരണാപത്രം കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത കൈമാറി. ജൂബിലി സുവനീര്‍ ആന്റോആന്റണി എംപി പ്രകാശനം ചെയ്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, മലങ്കര അസോസിയേഷന് സെക്രട്ടറി ബിജു ഉമ്മന്‍, എംഒസി കോളജുകളുടെ സെക്രട്ടറി ഡോ.എം.ഇ.കുര്യാക്കോസ്, കോളജ് ബര്‍സാര്‍ ഡോ.സുനില്‍ ജേക്കബ്, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, ഫാ. ടൈറ്റസ് ജോര്‍ജ്, ജോണ്സന് കല്ലിട്ടതില്‍ കോർ എപ്പിസ്കോപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നേരത്തെ അക്കാഡമിക് ബ്ലോക്കിന്റെ കൂദാശ കാതോലിക്കാ ബാവ നിർവഹിച്ചു. ഉച്ചകഴിഞ്ഞ് കോളജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മനും എംഒസി കോളജുകളിൽ നിന്നു വിമിക്കുന്ന മറ്റ് അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പ് നൽകി.