കരുവള്ളിക്കാട് കുരിശുമല തീർഥാടനം ഇന്ന്
1282589
Thursday, March 30, 2023 10:29 PM IST
ചുങ്കപ്പാറ: നിർമലപുരം - കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമല തീർഥാടനം ഇന്ന്. നാല്പതാം വെള്ളി ദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സംയുത കുരിശിന്റെ തീർഥാടനം ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നിന്നു കുരിശുമലയിലേക്കു പുതിയതായി നിർമിച്ച പാതയിലൂടെ നടക്കും.
ചുങ്കപ്പാറ മലങ്കര കത്തോലിക്കാ ദേവാലയത്തിലെത്തുന്ന തീർഥാടകരെ വികാരി ഫാ. തോമസ് തൈക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ആമുഖ സന്ദേശത്തോടെയും പ്രാർഥനയോടെയും കുരിശുമല കയറ്റത്തിനു തുടക്കമാകും. യാത്ര കടന്നു പോകുന്ന വഴികളിൽ ഈശോയുടെ പീഡാസഹനങ്ങളെ സ്മരിച്ചുകൊണ്ടുള്ള ഐക്കണുകളിൽ പ്രത്യേക പ്രാർഥനകൾ ക്രമീകരിക്കും. മല മുകളിൽ എത്തുന്പോൾ ഫാ. തോമസ് തൈക്കാട്ട് സമാപന സന്ദേശം നൽകും. പ്രാർഥന, ആശിർവാദം എന്നിവയോടെ തീർഥാടനം സമാപിക്കും.
തീർഥാടനത്തിൽ ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. വർഗീസ് താനമാവുങ്കൽ, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, മണിമല ഫൊറോനാ വികാരി ഫാ. മാത്യു താന്നിയത്ത്, നെടുംകുന്നം ഫൊറോനാ വികാരി ഫാ. വർഗീസ് കൈതപറമ്പിൽ, തീർഥാടന കേന്ദ്രം വികാരി ഫാ. ജോസഫ് മാമ്മൂട്ടിൽ എന്നിവർ നേതൃത്വം നൽകും.
ക്രമീകരണങ്ങൾ പൂർത്തിയായതായി തീർഥാടന സമിതി ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, ട്രസ്റ്റിമാരായ തോമസുകുട്ടി വേഴമ്പതോട്ടം, സോണി കൊട്ടാരം, ഡൊമിനിക്ക് സാവിയോ തുടങ്ങിയവർ അറിയിച്ചു.
നാല്പതാംവെള്ളി ആചരണം
അടൂർ: തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവലായത്തിലെ നാല്പതാം വെള്ളിയുടെ വിശുദ്ധ കുർബാന രാവിലെ 6.30നു നടക്കുമെന്നു വികാരി ഫാ.ഡോ. ശാന്തൻ ചരുവിൽ അറിയിച്ചു.