മഹാഭൈരവിക്കോലത്തിന്റെ എഴുന്നള്ളത്തോടെ പുതുക്കുളങ്ങര പടയണി സമാപിച്ചു
1282619
Thursday, March 30, 2023 10:45 PM IST
ഓതറ: പുതുക്കുളങ്ങര പടയണിയുടെ മാത്രം പ്രത്യേകതയായ മഹാഭൈരവിക്കോലം ദർശിക്കാനെത്തിയത് വൻ ജനാവലി.
28 ദിവസത്തെ പ്രയത്നത്തിൽ കിഴക്ക് നിന്നു ക്ഷേത്ര മുറ്റത്തേക്ക് എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്കു വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി.
പുലർച്ചെ ഒന്നോടെ പടയണിക്കളത്തിൽ പുലവൃത്തത്തോടെ പടയണിയുടെ ചടങ്ങുകൾ ആരംഭിച്ചു. മഹാഭൈരവിക്കോലത്തിന്റെ പാളചെത്തുന്ന ജോലികൾ ചൊവ്വ രാത്രി മുതൽ ആരംഭിച്ചിരുന്നു. പുറമറ്റം ശ്രീദേവി പടയണി സംഘമാണ് പടയണി വിനോദമായ കാക്കാരശി തിരുവാതിര നാളിൽ അവതരിപ്പിച്ചത്. അന്തരയക്ഷി, സുന്ദര യക്ഷി എന്നിവയും മാടൻ, കരിമറുത, പക്ഷി തുടങ്ങിയ കോലങ്ങളും 101 പാളയുടെ ഭൈരവിക്കോലവും സമാപന പടയണിയിൽ പുതുക്കുളങ്ങര പടയണിക്കളത്തിലെത്തി.
പുലർച്ചെ അഞ്ചരയോടെ അന്‍പതടിയോളം ഉയരത്തിലുള്ള മഹാഭൈരവിക്കോലം ഒന്നിനു താഴെ വരിയായി ഒരുക്കിയ അഞ്ച് വലിയ മുഖങ്ങളുമായി തീപ്പന്തത്തിന്റെ വെളിച്ചത്തിൽ എഴുന്നള്ളി.
സാധാരണ ഭൈരവിക്കോലങ്ങൾ തലയിൽ എടുത്ത് തുള്ളുകയാണ് പതിവ്. 101 പച്ചക്കമുകിൻ പാളയിൽ തീർത്ത ഭൈരവിക്കോലങ്ങൾ വരെ തലയിലെടുത്ത് കലാകാരന്മാർ ചുവട് വയ്ക്കും. ഇതിന്റെ പത്തിരട്ടി വലിപ്പമുള്ള കോലമായതിനാൽ തടികൊണ്ടുള്ള ചക്രങ്ങളും ചട്ടവും ഉപയോഗിച്ചാണ് കോലം കളത്തിൽ എത്തിച്ചത്.