കോഴഞ്ചേരി: ബൈക്ക് മോഷണക്കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. ഇലന്തൂർ പരിയാരം അംബേദ്കർ കോളനി മഞ്ജുഷ് ഭവനിൽ മഞ്ജുഷിനെ(32)യാണ് ആറന്മുള പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ തെക്കേമല ജംഗ്ഷനിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന പൾസർ ബൈക്കാണ് ലോക്ക് പൊട്ടിച്ചശേഷം ഇയാൾ കടത്തിക്കൊണ്ടുപോയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. നാരങ്ങാനത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിയിരുന്ന മഞ്ജുഷ് മോഷ്ടിച്ച ബൈക്ക് വിദഗ്ധമായി അഴിച്ച് പത്തനംതിട്ട, ഇലന്തൂർ, തെക്കേമല തുടങ്ങിയ സ്ഥലങ്ങളിൽ വില്പന നടത്തിയതായി മൊഴി നല്കി. പിന്നീട് പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കിന്റെ ഭാഗങ്ങൾ കണ്ടെടുത്തു. ഇയാളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ ജോൺസൺ, സിപിഒമാരായ നിതീഷ്, സഞ്ജയൻ, രാജഗോപാൽ, ജിതിൻ ഗബ്രിയേൽ, അഖിൽ ഫൈസൽ, സുനിൽ, സൈഫുദീൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.