ഒളിവില്‍കഴിഞ്ഞ തമിഴ്നാട്ടിലെ രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
1336363
Monday, September 18, 2023 12:06 AM IST
കോഴഞ്ചേരി: തമിഴ്നാട്ടില്‍ വിവിധ കേസുളില്‍ പിടികിട്ടാപ്പുള്ളികളായ സഹോദരങ്ങളെ കോഴഞ്ചേരിയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. കോഴഞ്ചേരി - തെക്കേമലയില്‍ ഒളിവില്‍ താമസിച്ചുകൊണ്ടിരുന്ന തിരുനെല്‍വേലി, പള്ളിക്കോട്ട, നോര്‍ത്ത് സ്ട്രീറ്റില്‍ പള്ളിക്കോട്ട മാടസ്വാമി (27) ഇയാളുടെ സഹോദരന് സുഭാഷ് (27) എന്നിവരാണ് പിടിയിലായത്.
ആറന്മുള പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് തമിഴ്നാട് പോലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം വെളിവായതും തമിഴ്നാട് പോലീസ് തേടുന്ന അന്വേഷിച്ചുവരുന്ന പട്ടികയില്‍പ്പെട്ട ക്രിമിനലുകളാണെന്ന് മനസിലായതെന്ന് ആറന്മുള എസ്എച്ച്ഒ സി. കെ. മനോജ് പറഞ്ഞു.
തമിഴ്നാട്ടില്‍ മൂന്ന് കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 19 കേസുകളിലെ പ്രതിയാണ് മാടസ്വാമി. കവര്‍ച്ച, പിടിച്ചുപറി, മൂന്ന് കൊലപാതക കേസുകള്‍, മോഷണം ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയാണ് സുഭാഷ്.
കഴിഞ്ഞ നാലുവര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേമലയിലും പരിസര പ്രദേശങ്ങളിലും താമസിച്ചു വരികയായിരുന്നു. ആറുമാസമായി രണ്ടു സഹോദരങ്ങളും മാതാപിതാക്കളോടൊപ്പം വന്നു താമസിച്ച് കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്പന നടത്തി വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി അജിതിന്റെ നിര്‍ദേശപ്രകാരം വിവര ശേഖരണ തൊഴിലാളുകളുമായി ബന്ധപ്പെട്ട് ആറന്മുള സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായര്‍, നാസര്‍ ഇസ്മയില്‍ എന്നിവരാണ് ഇവരെ ആദ്യം കണ്ടെത്തിയത്.
തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍, എസ്എച്ച്ഒ സി. കെ. മനോജ്, ഉദ്യോഗസ്ഥരായ ജയന്, ജോണ്സണ്, ഹരികൃഷ്ണന്, രമ്യത്ത്, സുനില്‍, വിനോദ് എന്നിവരടങ്ങിയ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് തമിഴ്നാട് പോലീസിനു കൈമാറുകയും ചെയ്തു.