വള്ളിക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
കോന്നിയിൽ നടന്ന കരിയാട്ടം എക്സിബിഷന്റെ മറവിൽ വലിയ തോതിൽ പിരിവ് നടത്തിയതിനുശേഷം സാന്പത്തിക പ്രതിസന്ധി പരിഗണിക്കാതെ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും ഒന്നരലക്ഷം രൂപ നൽകിയ നടപടിയിലാണ് കോൺഗ്രസ് പ്രധാനമായും പ്രതിഷേധിച്ചത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ പേരിൽ കുത്തിപ്പൊളിച്ച റോഡുകൾ സഞ്ചാരയോഗ്യമാക്കിയിട്ടില്ല, പൊതുജന പരാതികൾ വേണ്ടത്ര ഗൗരവത്തോടെ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ച് പരിഹാരം കാണുന്നില്ല, തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്നുള്ള പണപ്പിരിവ്, ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച വീടുകൾക്ക് മുഴുവൻ പണവും നൽകിയില്ല തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് പ്രതിഷേധിച്ചത്.
മണ്ഡലം പ്രസിഡന്റ് പ്രഫ. ജി. ജോണിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി എലിസബേത്ത് അബു സമരം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറിമാരായ സജി കൊട്ടക്കാട്, എസ്.വി. പ്രസന്നകുമാർ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ജില്ലാ ട്രഷറർ ബീനാ സോമൻ, വൈസ് പ്രസിഡന്റ് സുലേഖ വി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. പ്രമോദ്, പഞ്ചായത്ത് മെംബർമാരായ ലിസി ജോൺസൺ, പദ്മ ബാലൻ, ആൻസി വർഗീസ്, വള്ളിക്കോട് വിമൽ, സുഭാഷ് നടുവിലേതിൽ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.