ചുങ്കപ്പാറ: കോട്ടാങ്ങൽ ഗ്രാമപഞ്ചയത്തിലെ മലയോര മേഖലയായ നിർമലപുരം നിവാസികളുടെ ഏകയാത്രാ മാർഗമായ മാരംകുളം-നിർമലപുരം ഗ്രാമീണ റോഡും മണ്ണാറത്തറ ഫോറസ്റ്റ് റോഡും പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് നിർമലപുരം-ചുങ്കപ്പാറ ജനകീയ വികസനസമിതി നിവേദനം നൽകി.
2005ൽ പിഎംജിഎസ്വൈയിൽ ഉൾപ്പെടുത്തി ആറു മീറ്റർ വീതിയിൽ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്ക് നൽകിയപ്പോൾ വീതി സംബന്ധമായ ചില പ്രശ്നങ്ങളും കോടതി കേസും കാരണം തടസപ്പെട്ട പണികൾ സമവായത്തിലുടെ 2018ൽ 1.48 കോടി രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം 2.400 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ്, ടാറിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച് മാരംകുളം മുതൽ നിർമലപുരം വരെ തുറന്നു നൽകിയിരുന്നു.
നിർമലപുരം മുതൽ മണ്ണാറത്തറ വരെയുള്ള വനം റോഡ് നവീകരിക്കുന്നതിനുള്ള എസ്റ്റിമേറ്റും ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിരുന്നു
കോട്ടയത്തുനിന്നു പാമ്പാടി-ആലാംപള്ളി-മാന്തുരുത്തി-നെടുംകുന്നം-കുളത്തൂർമൂഴി-മാരംകുളം-നിർമലപുരം-മണ്ണാറത്തറ വഴി റാന്നിയിലെത്താൻ ഏറ്റവും ദൈർഘ്യം കുറഞ്ഞതും ഗതാഗത കുരുക്കില്ലാത്തതുമായ റോഡാണിത്. മതസംഗമങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവയെ ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്.
നിർമലപുരം റോഡിൽ അമിത ലോഡുമായി തടിവാഹനങ്ങൾ യാത്ര ചെയ്യുന്നതും തടി ഇറക്കിയിടുന്നതും ജൽജീവൻ പദ്ധതിക്കു പൈപ്പ് ഇടാൻ കുഴിച്ചതുമെല്ലാം തകർച്ച വേഗത്തിലാക്കി.
അടിയന്തരമായി റോഡ് പുനരുദ്ധരിക്കണമെന്നും, കോട്ടയം-റാന്നി റോഡായി ഉയർത്തി ഈ പ്രദേശങ്ങളുടെ വികസനം ഉറപ്പു വരുത്തണമെന്നും, പഞ്ചായത്ത്, പൊതുമരാമത്ത്, വനം, ടൂറിസം വകുപ്പ്, പിഎംജിഎസ്വൈ മേധാവികൾക്കും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയതായി ജനകീയ വികസനസമിതി ഭാരവാഹികൾ അറിയിച്ചു.
വാർഡ് മെംബർ ജോളി ജോസഫ്, ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, കെ.പി. തോമസ്, തോമസുകുട്ടി ഏബ്രഹാം, ബിറ്റോ ആന്റണി, എം.ജെ. ഫിലിപ്പ്, മാത്യു വർഗീസ്, കുര്യൻ തോമസ്, ജോർജ് ചാക്കോ, രാജു ജോർജ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.