റാന്നി: സ്വച്ഛ് ഹി സേവാ കാന്പയിൻ കൂട്ടയോട്ടം റാന്നിയിൽ നടന്നു. പത്തനംതിട്ട ജില്ലയിലെ ആദ്യ പ്ലാസ്റ്റിക് രഹിത ഗ്രാമപഞ്ചായത്താക്കി റാന്നിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കാന്പയിൻ ഏറ്റെടുത്തിരിക്കുന്നതെന്നു പ്രസിഡന്റ് കെ.ആർ. പ്രകാശ് പറഞ്ഞു. കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയവും സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനവും ശുചിത്വ മിഷനും ചേർന്നാണ് പരിപാടി ഏറ്റെടുത്തിരിക്കുന്നത്.
സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരും എൻസിസി, എൻഎസ്എസ്, എസ്പിസി കേഡറ്റുകളും പങ്കെടുതത കൂട്ടയോട്ടം റാന്നി ഡിവൈഎസ്പി ആർ. ബിനു ഫ്ളാഗ് ഓഫ് ചെയ്തു.
പെരുമ്പുഴ ടൗണിൽ നിന്നു പഞ്ചായത്തുപടി വരെയാണ് കൂട്ട ഓട്ടം നടത്തിയത്. പഞ്ചായത്ത് ഹാളിൽ നടന്ന യോഗം റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഗീതാ സുരേഷ്, പ്രസന്ന കുമാരി, മെംബർമാരായ ശശികല രാജശേഖരൻ, മന്ദിരം രവീന്ദ്രൻ, മിനു ഷാജി, സന്ധ്യാപ്രസാദ്, ശോഭ ചാർളി, മിനി തോമസ്, സെക്രട്ടറി ജി. സുധാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി വി.എസ്. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
വെച്ചൂച്ചിറയിൽ മഹാശുചിത്വയജ്ഞം രണ്ടിന്
വെച്ചൂച്ചിറ: ഗാന്ധി ജയന്തിയോടനുബന്ധിച്ചു വിവിധ പദ്ധതികളിലായി നടത്തുന്ന വിപുലമായ ശുചീകരണയജ്ഞ പ്രവർത്തനങ്ങൾക്ക് വെച്ചൂച്ചിറയിൽ തുടക്കമായി. സ്വച്ഛതാ ഹീ സേവ, മാലിന്യമുക്ത നവ കേരളം, ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന ക്ലീൻ വാട്ടർ ക്ലീൻ വെച്ചൂച്ചിറ, പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നിർമല ഗ്രാമം, നിർമല നഗരം, നിർമല ജില്ല പദ്ധതികളുടെ ഭാഗമായാണ് ശുചീകരണ യജ്ഞം.
കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനംഗങ്ങൾ, ഗ്രീൻ അംബാസിഡർമാർ, യുവജന ക്ലബുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വെച്ചൂച്ചിറ കവലയിൽ നിന്നു ചന്തയിലേക്ക് ശുചിത്വ റാലിയും തുടർന്ന് വെച്ചൂച്ചിറ ഗവൺമെന്റ് പോളിടെക്നിക് കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നടന്നു.
ഇന്ന പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശുചിത്വ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. മഹാ ശുചിത്വയജ്ഞവും സ്കൂളുകളിൽ ശുചിത്വ പ്രതിജ്ഞയും ശുചിത്വ സ്കൂൾ അസംബ്ലിയും നടത്തും.
മഹാ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി വള്ളിയാംകയം, കുഭിത്തോട്, പരുവ, തോടുകളും കൂത്താട്ടുകുളം, നായിത്താനി കുളങ്ങളും വെച്ചൂച്ചിറ മാർക്കറ്റ്, ബസ് സ്റ്റാൻഡ്, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ഹോമിയോ, ആയുർവേദ ആശുപത്രികൾ, കൃഷിഭവൻ, മൃഗാശുപത്രികൾ, പഞ്ചായത്തിലെ വിവിധ റോഡുകൾ തുടങ്ങിയ 86 ഇടങ്ങളിൽ യുവജന സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂൾ പിടിഎ അംഗങ്ങൾ, അങ്കണവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ, വാർഡുതല ശുചിത്വ സമിതികൾ, കൃഷി കൂട്ടങ്ങൾ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശുചീകരണവും നടത്തും.
നാളെ ആരാധനാലയങ്ങൾ, സമുദായ സംഘടനകളുടെ ഓഫീസുകൾ, കെട്ടിടങ്ങൾ, മന്ദിരങ്ങൾ എന്നിവ ശുചീകരിക്കും.രണ്ടിന് മാതൃക ശുചിത്വ അസംബ്ലി രാവിലെ 9.30ന് എടിഎം ഓഡിറ്റോറിയത്തിൽ നടക്കും. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ കുട്ടികൾ തയാറാക്കിയ മാലിന്യമുക്ത വെച്ചൂച്ചിറ വിഷയത്തിലെ പ്രോജക്ടുകൾ അസംബ്ലിയിൽ അവതരിപ്പിക്കും.
ഓരോ സ്കൂളിൽ നിന്നു തെരഞ്ഞെടുത്തിട്ടുള്ള പത്തു വിദ്യാർഥികളും അധ്യാപക പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളുമാണ് മാതൃക അസംബ്ലിയിലെ അംഗങ്ങൾ.വിദ്യാലയങ്ങളിൽ നടത്തിയ ക്വിസ് മത്സര വിജയികൾ പങ്കെടുക്കുന്ന പഞ്ചായത്ത് തല മെഗാ ക്വിസ് മത്സരവും കോളജ്തല വിദ്യാർഥികൾക്കും സാംസ്കാരിക യുവജന ക്ലബ് അംഗങ്ങൾക്കും വേണ്ടി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി, റീൽസ് മത്സരങ്ങളിലെ എൻട്രികളുടെ പ്രദർശനവും നടക്കും.
തുടർന്ന് സമാപന സമ്മേളനവും സമ്മാനദാനവും. ശുചിത്വ അസംബ്ലിയിൽ അവതരിപ്പിച്ചു അംഗീകാരം നേടിയിട്ടുള്ള പ്രോജക്ട് നിർദേശങ്ങൾ അടുത്ത പദ്ധതി വർഷം മുതൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എസ്. രമാദേവി എന്നിവർ അറിയിച്ചു.