പോക്സോ കേസിൽ യുവാവിന് 26 വർഷം കഠിനതടവും പിഴയും
1450990
Friday, September 6, 2024 3:17 AM IST
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷവും നാല് മാസവും കഠിന തടവും 1.10 ലക്ഷം രൂപ പിഴയും. അടൂർ അതിവേഗ കോടതി ജഡ്ജി റ്റി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
പുനലൂർ തിങ്കൾ കരിക്കം വില്ലേജിൽ സനിൽ ഭവനത്തിൽ സനിലിനെയാണ് (24) ശിക്ഷിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അതിജീവിതയെ 2023 ജൂലൈ 23 നു വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് അഞ്ചലിൽ വരുത്തി. തുടർന്നു അഞ്ചൽ റെയ്ഞ്ച് ഓഫീസിനു പരിധിയിലുള്ള ഉൾവനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഫോട്ടോകൾ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പ്രദർശിപ്പിച്ചു.
ഇതിനെ എതിർത്ത അതിജീവിതയെ മാരകമായി ദേഹോപദ്രവം ഏല്പിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. പന്തളം എസ്എച്ച്ഒ ടി.ഡി. പ്രജീഷാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ച് 42 രേഖകൾ ഹാജരാക്കി. ഇന്ത്യൻ ശിക്ഷാ നിയമവും പോക്സോ ആക്റ്റും പ്രകാരം സനിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാണ് കോടതി ശിക്ഷിച്ചത്.
പ്രതി പിഴത്തുക അടച്ചാൽ അതിജീവിതയ്ക്കു നൽകാൻ ലീഗൽ സർവീസ് അഥോറിറ്റിക്കു നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ പി. ജോൺ ഹാജരായി.