തി​രു​വോ​ണ​പ്പു​ല​രി​യി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ അ​തി​ഥി​യാ​യി "സി​താ​ര്‍ '
Tuesday, September 17, 2024 12:46 AM IST
പ​ത്ത​നം​തി​ട്ട: തി​രു​വോ​ണ നാ​ളി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ ഒ​രു കു​രു​ന്ന്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യോ​ടു ചേ​ര്‍​ന്നു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.25ന് 2.835 ​കി​ഗ്രാം ഭാ​ര​വും പ​ത്ത് ദി​വ​സം മാ​ത്രം പ്രാ​യ​വും തോ​ന്നി​ക്കു​ന്ന ആ​ണ്‍​കു​ട്ടി അ​തി​ഥി​യാ​യി എ​ത്തി​യ​ത്.

2009-ല്‍ ​പ​ത്ത​നം​തി​ട്ട​യി​ല്‍ അ​മ്മ​ത്തൊ​ട്ടി​ല്‍ സ്ഥാ​പി​ച്ച​തി​നു ശേ​ഷം ല​ഭി​ക്കു​ന്ന 20-ാമ​ത്തെ കു​രു​ന്നും മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് "ഹൈ​ടെ​ക്ക്' ആ​ക്കി മാ​റ്റി​യ​തി​നും ശേ​ഷം ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കു​രു​ന്നു​മാ​ണ് പു​തി​യ അ​തി​ഥി.


തി​രു​വോ​ണ നാ​ളി​ല്‍ പു​ത്ത​ന്‍ പ്ര​തീ​ക്ഷ​യു​ടെ നി​റ​ങ്ങ​ളു​മാ​യി പ​ത്ത​നം​തി​ട്ട അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ എ​ത്തി​യ കു​രു​ന്നി​ന് "സി​താ​ര്‍' എ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജു​ത​ന്നെ പേ​രി​ട്ട​താ​യി സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​എ​ല്‍. അ​രു​ണ്‍ ഗോ​പി അ​റി​യി​ച്ചു.