കുന്നന്താനം കിൻഫ്ര പാർക്കിൽ വൈദ്യുതി മുടക്കം; വ്യവസായങ്ങൾ പ്രതിസന്ധിയിൽ
1457954
Tuesday, October 1, 2024 4:41 AM IST
മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര പാർക്കിൽ വൈദ്യുതി ക്ഷാമം. ജില്ലയിലെ പ്രധാന വ്യവസായ പാർക്കാണ് കിൻഫ്രയുടെ ഉടമസ്ഥതയിൽ പാമലയിൽ സ്ഥിതി ചെയ്യുന്നത്. എന്നാൽ വൈദ്യുതി ക്ഷാമം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.
39 ഏക്കറിലായി 39 വ്യവസായ യൂണിറ്റുകളും വ്യവസായ വകുപ്പിന്റെ ചുമതലയിലുള്ള തോട്ടപ്പടി ഇൻസ്ട്രിയൽ പ്ലോട്ടിലെ 20.94 ഏക്കറിൽ 80 വ്യവസായങ്ങളുമുണ്ട്. കൂടാതെ സിഡ്കോയുടെ ഒന്നര ഏക്കറിലും പ്രവർത്തനമുണ്ട്. 125 ഫാക്ടറികളിലായി രണ്ടായിരത്തിലധികം തൊഴിലാളികളാണുള്ളത്.
ചെറുകിട സംരംഭങ്ങളാണ് ഏറെയും. ഇതിൽ ഓക്സിജൻ മുതൽ കുടിവെള്ള കുപ്പിയുടെ ഉത്പാദനം വരെയുണ്ട്. രണ്ടു കോടിയിലധികം രൂപയുടെ മുതൽമുടക്കാണ് വ്യവസായ സ്ഥാപനങ്ങളിലധികം പേർക്കുമുള്ളത്. എന്നാൽ, വർഷം ഏറെ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലുണ്ടായ മുരടിപ്പ് സ്ഥാപനങ്ങളിൽ പലതിനെയും നഷ്ടത്തിലാക്കി. ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും ബാധ്യതയേറെയാണ്. നിരന്തരമായ വൈദ്യുതി പ്രതിസന്ധി പ്രധാന തടസമെന്ന് വ്യവസായ സംരംഭകർ പറഞ്ഞു.
വൈദ്യുതിനിരക്കിന് കുറവില്ല
ഒരു കോടിയിലധികം രൂപയുടെ ബില്ലാണ് കിൻഫ്ര പാർക്കിലെ സ്ഥാപനങ്ങളിൽനിന്നായി കെഎസ്ഇബി ഈടാക്കുന്നത്. അറുപതോളം ട്രാൻസ്ഫോർമറുകൾ വ്യവസായ പാർക്കിന്റെ വിവിധ ഭാഗങ്ങളിലായുണ്ട്. ഫാക്ടറികളിലേക്കു മാത്രമായി മല്ലപ്പള്ളി സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതലൈൻ വലിച്ചിട്ടുണ്ടെന്ന് പറയുന്നു.
എന്നാൽ, ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് സ്ഥാപനം ഉടമകൾ പറഞ്ഞു. മിക്കപ്പോഴും വൈദ്യുതി മുടക്കം പതിവാണ്. സബ്സ്റ്റേഷൻ പരിധിയിൽ മിക്കദിവസങ്ങളിലും പകൽ വൈദ്യുതി മുടക്കമുണ്ട്. ഈ സമയങ്ങളിലെല്ലാം കിൻഫ്ര പാർക്കിലേക്കും വൈദ്യുതി നൽകാറില്ല. ലൈനിലെ അറ്റകുറ്റപ്പണിയുടെ പേരിൽ സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുതി തടസം ഇല്ലാത്ത ദിവസങ്ങളില്ല.
വേണം, സ്വന്തമായ സബ് സ്റ്റേഷൻ
സ്ഥലം നൽകിയാൽ വ്യവസായ പാർക്കിൽ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രണ്ടര വർഷം മുന്പ് ഉറപ്പു നൽകിയിരുന്നു. ഇതിനായി 50 സെന്റ് സ്ഥലം പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ ഇനി പൂർത്തിയാക്കേണ്ടത് കെഎസ്ഇബിയാണ്.
സബ്സ്റ്റേഷനും ഒപ്പം സെക്ഷൻ ഓഫീസും അനുവദിക്കാമെന്നായിരുന്നു വൈദ്യുതമന്ത്രിയുടെ പ്രഖ്യാപനം. സ്ഥലം കിൻഫ്ര സൗജന്യമായി നൽകിയിട്ടുണ്ട്. എന്നൽ ഇതു സംബന്ധിച്ച രേഖകൾ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത്.
എന്നാൽ, വസ്തുസംബന്ധമായ രജിസ്ട്രേഷൻ നടത്തി ഏറ്റെടുക്കാൻ കഴിഞ്ഞയിടെ കിൻഫ്ര മാനേജിംഗ് ഡയറക്ടർ കെഎസ്ഇബിക്ക് കത്തു നൽകിയിട്ടുണ്ട്. സബ്സ്റ്റേഷനുവേണ്ടി കിൻഫ്ര മാറ്റിയിട്ട സ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതിയിൽപ്പെടുത്തി വ്യവസായ പാർക്കിൽ സബ് സ്റ്റേഷനും സെക്ഷൻ ഓഫീസും അനുവദിക്കാനാകുമായിരുന്നു. രണ്ടു വർഷം മുന്പുള്ള ഈ പദ്ധതി പ്രയോജനപ്പെടുത്താൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ല. ഇനി സ്വന്തം നിലയിൽ സ്ഥലം ഏറ്റെടുത്ത് നടപടികളുമായി മുന്നോട്ടു പോകേണ്ടിവരും. ഇതിന് കെഎസ്ഇബി തയാറാകുന്നില്ലെങ്കിൽ വ്യവസായ സംരംഭങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.