സ്വകാര്യ ബസുകളുടെ മത്സരയോട്ടം : യാത്രയ്ക്കിടെ ഡ്രൈവറുടെ കഴുത്തിൽ കത്തിവച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
1549530
Tuesday, May 13, 2025 5:16 PM IST
മല്ലപ്പള്ളി: സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുറുകുന്നതിനിടെ കഴിഞ്ഞദിവസം യാത്രയ്ക്കിടെ മല്ലപ്പള്ളിയിൽ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച സംഭവത്തില്‍ മൂന്നു പേർ അറസ്റ്റില്‍.
കോട്ടയം മാടപ്പള്ളി മാമ്മൂട് ഇടപ്പള്ളി വട്ടമാക്കല്‍ വി. കെ. ജയകുമാര്‍ (46), കല്ലൂപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി പി. ഉദയരാജ് (29), ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന് രാജന് (24) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഒരാൾകൂടി അറസ്റ്റിലാകാനുണ്ട്. തിരുവല്ല - മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവമ്പാടി ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി.കെ. കലേഷി (35) നു നേേ രയാണ് കഴിഞ്ഞദിവസം മല്ലപ്പള്ളി കടുവാക്കുഴിയിൽ യാത്രയ്ക്കിടെ ആക്രമണമുണ്ടായത്.
മല്ലപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ സീറ്റിലായിരുന്ന കലേഷിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കഴുത്തിനുനേരേ വടിവാള്‍ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ കൊണ്ടില്ല. നാലംഗ സംഘം ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.
സംഭവസമയം സ്ത്രീകളും കുട്ടികളും അടക്കം ബസിൽ യാത്രക്കാരുണ്ടായിരുന്നു. തിരുവല്ല - മല്ലപ്പള്ളി റൂട്ടിലെ തിരുവന്പാടി എന്ന സ്വകാര്യ ബസിലാണ് അക്രമങ്ങൾ അരങ്ങേറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി പുറത്തായതോടെ പോലീസ് ഇടപെടുകയായിരുന്നു. കലേഷിന്റെ മൊഴി പ്രകാരം പോലീസ് കേസെടുത്തു.
ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന ജാനകി ബസുകാരുമായുള്ള തർക്കമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു. ജാനകി ബസിലെ ജീവനക്കാരനായ രമേശന്റെ സുഹൃത്തുക്കളാണ് പിടിയിലായവരെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിനു മുന്നിലാണ് ആക്രമണം ഉണ്ടായത്. ബസിന്റെ പെയിന്റിംഗ് ജോലിയുടെ പണം ലഭിക്കാതിരുന്നതാണ് ആക്രമണത്തിനു കാരണമായതെന്നാണ് പിടിയിലായവരുടെ മൊഴി.
ആയുധ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ എസ്. സതീഷ് ശേഖർ, പി. പി. മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
മത്സരയോട്ടം പതിവ്
തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ സ്വകാര്യബസുകളുടെ മത്സരയോട്ടവും ഇതേച്ചൊല്ലിയുള്ള സംഘർഷങ്ങളും പതിവാണ്. മല്ലപ്പള്ളി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം ബസ് യാത്രയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു നടത്തിയ ആക്രമണം യാത്രക്കാരെയും ഭയപ്പെടുത്തി.
ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലാണ് പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാകുന്നത്. സ്വകാര്യ ബസ് ജീവനക്കാർക്ക് ഇവരുമായുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബസുകളുടെ സമയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ് പതിവ്. മല്ലപ്പള്ളിയിൽ നിന്നും കുന്നന്താനം, പായിപ്പാട് വഴിയുള്ള സ്വകാര്യ ബസുകളുടെ സമയക്രമീകരണമാണ് പലപ്പോഴും തർക്കങ്ങൾക്കിടയാക്കുന്നത്.
പത്ത് മിനിട്ട് ഇടവേളകളിലാണ് പല ബസുകളും ഓടുന്നതെങ്കിലും യാത്രക്കാരെ കാത്ത് ചില ബസുകൾ വഴിയിൽ കിടക്കുന്നതോടെയാണ് സമയക്രമം പാളുന്നത്. ഇതിനിടെ ചില പുതിയ റൂട്ടുകളിൽ ബസുകളെത്തിയതും ഇടവേള കുറയാനിടയാക്കി. ഇതും തർക്കങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്.