വകുപ്പുകള്‍ ഉണര്‍ന്നു; സ്കൂളുകളില്‍ സുരക്ഷ ഓഡിറ്റിംഗ്
1577223
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: കൊല്ലം തേവലക്കര ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ വളപ്പില്‍നിന്ന് ഷോക്കേറ്റ് മിഥുന് എന്ന കുട്ടി മരിച്ചതിനു പിന്നാലെ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു. സംസ്ഥാനത്തെ സ്കൂളുകളില്‍ തിരക്കിട്ട പരിശോധനകളും അടിയന്തര യോഗങ്ങളും. ശനിയുടെ ആലസ്യം വിട്ട് ഇന്നലെയും പരിശോധനകളും യോഗങ്ങളും നടന്നു.
സ്കൂള്‍ വളപ്പിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്, ശോച്യാവസ്ഥ, വൈദ്യുതി ലൈനുകളുടെ സ്ഥിതി, വയറിംഗ് സംബന്ധമായ പ്രശ്നങ്ങള്‍, മേല്‍ക്കൂരയുടെ സ്ഥിതി, കിണറുകളുടെ സുരക്ഷിതത്വം, സ്കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാ പരിശോധനകള്‍ വിവിധ വകുപ്പുകള്‍ ആരംഭിച്ചു. കെഎസ്ഇബി ജീവനക്കാര്‍ തിരക്കിട്ട പരിശോധനകളിലാണ്.
ചെറിയ പോരായ്മകള്‍പോലും കണ്ടെത്തി അവര്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. തദ്ദേശസ്ഥാപന എന്‍ജിനിയര്‍മാരും വീണ്ടും പരിശോധനകള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കി സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് സമാഹരിച്ചു നൽകുന്നത് അതത് വിദ്യാഭ്യാസ ഓഫീസർമാരായിരിക്കും. പരിശോധനകൾ കൃത്യമെന്ന് ഉറപ്പാക്കി പ്രഥമാധ്യാപകർ റിപ്പോർട്ട് നൽകുകയും വേണം. സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസർമാർ പ്രഥമാധ്യാപകരുടെ അടിയന്തര യോഗങ്ങൾ വിളിച്ചു.
പരിശോധനകള്‍ സ്കൂള്‍ തുറക്കുന്നതിനു മുമ്പായി നടത്തി റിപ്പോര്‍ട്ട് നല്കിയിരിക്കണമെന്നതായിരുന്നു നിര്‍ദേശം. പരിശോധനകള്‍ നടത്തിയോ അല്ലാതെയോ എല്ലാ സ്കൂളുകളും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് അധ്യയനം പുനരാരംഭിച്ചത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ജൂണ്‍ മാസത്തെ ശമ്പളം മുടങ്ങുമെന്നതിനാല്‍ യാതൊരു തടസവുമില്ലാതെ ഇതു നൽകുകയും ചെയ്തു.
നൂലാമാലകൾ നീക്കാൻ നിർദേശം, പഴയ കെട്ടിടങ്ങൾ പൊളിക്കും
സ്കൂൾ വളപ്പുകളിലെ പഴയതും ഉപയോഗ ശൂന്യവുമായ കെട്ടിടങ്ങൾ അടിയന്തരമായി പൊളിച്ചു നീക്കാൻ നിർദേശം. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കുന്നതിലേക്ക് പലയിടത്തും സ്കൂൾ അധികൃതർ അപേക്ഷ നൽകി മടുത്തിരിക്കുകയാണ്. ഇത്തരം കെട്ടിടങ്ങൾ പൊളിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രാഥമിക അനുമതി നൽകണം. അതുപോലും പലയിടത്തും ലഭിച്ചിട്ടില്ല.
വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപന എൻജിനിയർ പരിശോധിച്ച് പൊളിച്ചുനീക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ വിളിക്കും. എയ്ഡഡ് സ്കൂളുകളിൽ മാനേജർക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയാൽ മതിയാകും. പൊളിച്ചുനീക്കലിന്റെ സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കെട്ടിടങ്ങൾ പലതും പൊളിഞ്ഞുവീണു തുടങ്ങിയതോടെ ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്നത്. ഓരോ സ്കൂളിലും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് വീണ്ടും നടക്കുന്നുണ്ട്.
നൂറ്റാണ്ട് പിന്നിട്ട കെട്ടിടങ്ങൾ
കവിയൂർ കെഎൻഎം ഗവൺമെന്റ് ഹൈസ്കൂൾ വളപ്പിലുള്ളത് 113 വർഷം പിന്നിട്ട കെട്ടിടമാണ്. സ്കൂളിന്റെ ആരംഭകാലത്തെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഏഴുവർഷമായി അടച്ചിട്ടിരിക്കുകയാണ്. പൊളിച്ചു നീക്കണമെന്ന ആവശ്യം സ്കൂൾ അധികൃതരും പഞ്ചായത്തു മുന്നോട്ടുവച്ചിട്ടുതന്നെ വർഷങ്ങളായി. നടപടികൾ പൂർത്തീകരിച്ച് 26നു ലേലം ചെയ്യുമെന്നാണ് ഇപ്പോൾ പറയുന്നത്. കെട്ടിടത്തിനകത്തേക്ക് ആരും കടക്കാതിരിക്കാൻ വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെന്നുള്ളതാണ് ഏക ആശ്വാസം.
കുറ്റൂർ ഗവൺമെന്റ് എച്ച്എസ്എസിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിട്ടും നടപടി ഉണ്ടായില്ല. നൂറുവർഷം പഴക്കമുള്ള കെട്ടിടമാണിത്. ക്ലാസ്മുറികളായി ഉപയോഗിച്ചിരുന്ന കെട്ടിടം പിന്നീട് ഓഡിറ്റോറിയമായി. രണ്ടു വർഷമായി ഉയോഗിക്കുന്നില്ല.
പുതിയ കെട്ടിടം നിർമാണം പൂർത്തിയായതിനു പിന്നാലെ ക്ലാസുകൾ അങ്ങോട്ടേക്ക് മാറ്റുകയായിരുന്നു. പഴയ കെട്ടിടത്തിനു ബലക്ഷയമുണ്ടെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. കുട്ടികൾ കെട്ടിടവളപ്പിൽ കയറുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.
പൂട്ടിപ്പോയ കെട്ടിടം കാടുകയറി
അയിരൂർ നോർത്ത് ഗവൺമെന്റ് എൽപി സ്കൂൾ 2002ൽ പൂട്ടിയതാണ്. കുട്ടികൾ കുറവായ സ്കൂളുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് സ്കൂളിനു പൂട്ടു വീണത്. എന്നാൽ സ്കൂൾ കെട്ടിടം സർക്കാർ അനാഥമാക്കി.
സ്കൂൾ പൂട്ടിയതിനു പിന്നാലെ കംപ്യൂട്ടർ പരിശീലന സ്ഥാപനം തുടങ്ങിയെങ്കിലും അതും നിലച്ചു. അനാഥമായ കെട്ടിടത്തിനു ചുറ്റും ഇപ്പോൾ കാടുകയറി കിടക്കുകയാണ്. ഹരിതകർമ സേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ കൂട്ടിവയ്ക്കുന്നത് ഇവിടെയാണ്.
ആസ്ബസ്റ്റോസ് ഷീറ്റിട്ട നല്ല ക്ലാസ് മുറികളാണ് പൂട്ടുന്പോൾ സ്കൂളിനുണ്ടായിരുന്നത്. ഉപയോഗമില്ലാതെ വന്നതോടെ കെട്ടിടത്തിനു ശോച്യാവസ്ഥയായി. നിലവിൽ സ്കൂൾ പരിസരത്തേക്കു കയറാനാകാത്ത സ്ഥിതിയുണ്ട്.
പൂട്ടിപ്പോയ സ്കൂളുകളുടെ കെട്ടിടങ്ങളും സ്ഥലവും കൈമാറ്റം ചെയ്യാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലവും കെട്ടിടവമാണ് കാടുകയറുന്നത്. പൂട്ടിപ്പോയ എയ്ഡഡ് വിദ്യാലയങ്ങളും മാനേജ്മെന്റുകൾക്ക് കൈമാറിയിട്ടില്ല.
പൂർത്തിയാകാത്ത സ്കൂൾ കെട്ടിടത്തിൽ മാലിന്യശേഖരണം
പന്തളം:നഗരസഭാ പരിധിയിലെ കടയ്ക്കാട് തെക്ക് എസ്വിഎൽപി സ്കൂളിന്റെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ ഹരിത കർമസേനയുടെ പ്ലാസ്റ്റിക് ശേഖരണം.
നഗരസഭാ വാർഡ് പരിധിയിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വർഷങ്ങളായി ഇവിടെ ശേഖരിച്ചുവയ്ക്കുന്നത്. ഇതോടെ കെട്ടിടം ക്ഷുദ്രജീവികളുടെ വാസകേന്ദ്രമായി മാറിയിട്ടുണ്ട്.
സമീപത്തു സ്കൂൾ പ്രവർത്തിക്കുന്നുമുണ്ട്. കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെങ്കിലും അധികൃതർ ഇതു ഗൗനിച്ചിട്ടില്ല. മാലിന്യ സംഭരണത്തെത്തുടർന്ന് കെട്ടിടം തകർന്നുവീഴാറായ നിലയിലാണ്.
കുട്ടികളുടെ ജീവനുപോലും ഭീഷണിയാകുന്ന മാലിന്യ നിക്ഷേപത്തിനെതിരേ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.