നൂറുമേനി ഗ്രാന്‍ഡ്ഫിനാലെ മഹാസംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍
1577227
Sunday, July 20, 2025 3:57 AM IST
ചങ്ങനാശേരി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തില്‍ അതിരൂപതയുടെ കുടുംബ വചന മനഃപാഠ പദ്ധതിയായ നൂറുമേനി സീസണ് 3 ഗ്രാന്‍ഡ് ഫിനാലെയും വിജയികളുടെ മഹാസംഗമവും സെപ്റ്റംബര്‍ 12, 13 തീയതികളിൽ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കും.
അതിരൂപതയിലെ 250 ഇടവകകളില്‍നിന്നുള്ള മത്സരത്തില്‍ വിജയികളായ വ്യക്തികള്‍, കുടുംബങ്ങള്‍, സന്യാസിനികള്‍, സന്യാസാര്‍ഥിനികള്‍, സെമിനാരി വിദ്യാര്‍ഥികള്‍, ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, വീഡിയോ മത്സര വിജയികള്‍ തുടങ്ങി 5000-ത്തിലധികം പേര് ഈ മഹാസംഗമത്തില്‍ പങ്കെടുക്കും.
13ന് രാവിലെ ഒമ്പതിന് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ ആരംഭിക്കുന്ന മഹാസംഗമം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. മഹാസമ്മേളനത്തില്‍ സീസണ് 3 ഗ്രാന്‍ഡ്ഫിനാലെ വിജയികളെ ആദരിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
12ന് രാവിലെ പത്തിന് നൂറുമേനി സീസണ് 3 ഗ്രാന്‍ഡ്ഫിനാലെ മത്സരം കാവുകാട്ട് ഹാളില്‍ നടക്കും. ജൂബിലി വര്‍ഷത്തില്‍ നടന്ന നൂറുമേനി മത്സരത്തില്‍ കുടുംബകൂട്ടായ്മ, ഇടവക, ഫൊറോന, റീജിയന് തല മത്സരങ്ങളില്‍ ഒന്നാമതെത്തിയ അഞ്ച് ടീമുകള്‍ ഗ്രാന്‍ഡ്ഫിനാലെയില്‍ മാറ്റുരയ്ക്കും.
അതിരൂപത കുടുംബ കൂട്ടായ്മ-ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, നൂറുമേനി ചെയര്മാന് സണ്ണി ഇടിമണ്ണിക്കല്‍, പ്രഫ. ജോസഫ് ടിറ്റോ എന്നിവര്‍ നേതൃത്വം നല്‍കും.