സ്വകാര്യ ബസുകൾ 22 മുതൽ പണിമുടക്കും
1577228
Sunday, July 20, 2025 3:57 AM IST
പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമ സംയുക്ത സമിതി ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ജസ്റ്റീസ് എം. രാമചന്ദ്രന് കമ്മീഷനുംഡോ. കെ. രവിവർമ കമ്മീഷനും ശിപാർശ നൽകിയിട്ടും നടപടിയില്ല. 14 വർഷമായി കൺസഷൻ നിരക്ക് വർധനയ്ക്കുവേണ്ടി സംഘടന സമര രംഗത്താണ്.
സ്വകാര്യ ബസ് വ്യവസായ മേഖല പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണ്. 140 കിലോമീറ്ററിനു മുകളിലുള്ള പെർമിറ്റുകൾ പുതുക്കി നൽകാതെ വന്നതോടെ നിരവധി ബസുകളാണ് ഷെഡ്ഡിൽ കയറിയത്. യാത്രക്കാരുടെ കുറവു കാരണം പല റൂട്ടുകളും നിലച്ചു.
നിരത്തുകളിൽ സ്വകാര്യ ബസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബസ് ജീവനക്കാര്‍ക്ക് പിസിസി നിര്‍ബന്ധമാക്കിയ കരിനിയമം പിന്‍വലിക്കണം. ലിമിറ്റഡ് സ്റ്റോപ്പ്, ദീര്‍ഘദൂര ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കണം. ഇ-ചലാന്‍ വഴിയുള്ള അന്യായ പിഴ ചുമത്തല്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ നിവേദനങ്ങള്‍ സര്‍ക്കാരിന് നല്‍കുകയും തുടർന്ന് സമരങ്ങള്‍ നടത്തിയിട്ടും അനുകൂല നടപടിയില്ല. 22ന് രാവിലെ കളക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും.