പട്ടയമേള: നാളെ 268 പേർക്ക് പട്ടയം നൽകും
1577233
Sunday, July 20, 2025 4:15 AM IST
പത്തനംതിട്ട: ജില്ലാതല പട്ടയമേള നാളെ രാവിലെ 10ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കോന്നി, റാന്നി, ആറന്മുള, തിരുവല്ല നിയോജക മണ്ഡലങ്ങളിലെ 268 പേര്‍ക്ക് പട്ടയം വിതരണം ചെയ്യും.
സര്‍ക്കാരിന്റെ എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതല പട്ടയമേള സംഘടിപ്പിക്കുന്നതെന്ന് കളക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
പട്ടയമിഷന്റെ ഭാഗമായി പട്ടയഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയ കോയിപ്രം വില്ലേജിലെ തെറ്റുപാറ കോളനിയിലെ 10 കൈവശക്കാര്‍ക്കും പട്ടയം ലഭിക്കും. പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടപടി എടുക്കേണ്ടവയാണ് പട്ടയഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്.
റാന്നി, കോന്നി മേഖലയിലെ മലമ്പണ്ടാര വിഭാഗത്തിലെ 49 കുടുംബങ്ങളും ഭൂമിയുടെ സ്ഥിരം അവകാശികളാകും. വനാവകാശ നിയമപ്രകാരം ഒരേക്കര്‍ ഭൂമി വീതം ലഭ്യമാക്കും. കോന്നിയില്‍ 32, റാന്നിയില്‍ 17 കുടുംബങ്ങള്‍ക്കും പട്ടയം ലഭിക്കും. കോന്നി, സീതത്തോട് ഗ്രാമപഞ്ചായത്തുകളിലെ മൂഴിയാര്‍ ഭാഗത്ത് സായിപ്പിന് കുഴി, ഗുരുനാഥന് മണ്ണിലെ ചിപ്പന്‍ കുഴി, ഗവി, കക്കി എന്നിവിടങ്ങളില്‍ താമസിക്കുന്ന 32 മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് കൈവശ രേഖ നല്‍കും.
റാന്നി ചാലക്കയം, പ്ലാപ്പള്ളി എന്നിവ ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ താമസിച്ചിരുന്ന 37 മലമ്പണ്ടാര കുടുംബങ്ങളിലെ 20 പേര്‍ക്ക് 2023ല്‍ ഭൂമി നല്‍കിയിരുന്നു. റാന്നി - പെരുനാട് ഗ്രാമപഞ്ചായത്തിലെ മഞ്ഞത്തോട് പ്രകൃതിയിലാണ് ഇവര്‍ക്ക് ഇടമൊരുക്കിയത്. ശേഷിക്കുന്ന 17 കുടുംബങ്ങള്‍ക്ക് നാളെ കൈവശരേഖ നല്‍കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, പത്തനംതിട്ട നഗരസഭാധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, അടൂര്‍ ആര്‍ഡിഒ എം. ബിപിന്കുമാര്, റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എ. നജീം, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പെരുന്പെട്ടി പട്ടയം നടപടികൾ പൂർത്തിയായില്ല
പെരുമ്പെട്ടി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേ നപടി പൂര്‍ത്തിയാക്കുന്നതനുസരിച്ച് കൈവശക്കാരുടെ പട്ടയ അപേക്ഷയില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു അധികൃതർ അറിയിച്ചു. 512 കർഷകരാണ് പെരുന്പെട്ടിയിൽ കാലങ്ങളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നത്. വനഭൂമിയുമായി ബന്ധമില്ലാത്ത പ്രദേശമായിരുന്നിട്ടുകൂടി തർക്കങ്ങൾ ഉണ്ടായതോടെ പതിറ്റാണ്ടുകളായി പട്ടയം അപേക്ഷ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇതിനു പരിഹാരമായാണ് ഡിജിറ്റൽ സർവേ നടത്തി വനഭൂമി ആദ്യം കൃത്യമായി നിർണയിച്ചത്.
ഇതിനുശേഷം റവന്യൂഭൂമി അളന്നു തിരിച്ചു. വലിയകാവ് വനത്തിന്റെ അളവ് പൂർത്തിയാക്കിയപ്പോൾ നേരത്തേയുള്ള നോട്ടിഫിക്കേഷൻ പ്രകാരമുള്ള 1771 ഏക്കറും വനംവകുപ്പിന്റെ ഉടമസ്ഥതയിൽ തന്നെയെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ റവന്യു ഭൂമിയുടെമേൽ വനംവകുപ്പിന് അവകാശം ഇല്ലാതായി.
കൈവശ കർഷകരുടെ ഭൂമിയും ഇതിലുൾപ്പെടുന്നതാണ്. പൊന്തൻപുഴ - പെരുന്പെട്ടി പട്ടയ പ്രശ്നം പരിഹരിക്കാൻ പ്രത്യേക സംഘത്തെ റവന്യുമന്ത്രിതന്നെ നിയോഗിച്ചിരുന്നു. ഡിജിറ്റൽ സർവേ കഴിയുന്നതോടെ പട്ടയം നൽകാനാകുമെന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ.
കേന്ദ്രാനുമതിക്കായി നൽകിയ പട്ടയങ്ങൾ എവിടെ ?
പത്തനംതിട്ട: കേന്ദ്രാനുമതിക്കായി ജില്ലയിൽനിന്നു സമർപ്പിച്ച 6362 പട്ടയങ്ങളെ സംബന്ധിച്ച് ഇത്തവണയും തീരുമാനമില്ല. പതിറ്റാണ്ടുകളായി പട്ടയത്തിനു കാത്തിരിക്കുന്ന റാന്നി, കോന്നി താലൂക്കിലെ വിവിധ മേഖലകളിൽപ്പെട്ട പട്ടയങ്ങളാണിവയിലേറെയും.
പെരുന്പെട്ടി - പൊന്തൻപുഴ പട്ടയവും ഇതിന്റെ ഗണത്തിലുൾപ്പെടുത്തിയിരുന്നെങ്കിലും അതിപ്പോൾ കണക്കിൽപ്പെടുന്നില്ല. 1977 ജനുവരി ഒന്നിനു മുന്‍പായി കൈവശഭൂമിയിൽ താമസമാക്കിയിവരെങ്കിലും വനത്തോടു ചേർന്ന പ്രദേശമെന്ന പേരിൽ കാലങ്ങളായി പട്ടയം നിഷേധിക്കപ്പെട്ട കുടുംബങ്ങളാണ് കേന്ദ്രാനുമതിയില്ലെന്ന പേരിൽ തഴയപ്പെടുന്നത്.
2015 - 16ൽ അന്നത്തെ യുഡിഎഫ് സർക്കാർ വിതരണം ചെയ്യുകയും പിന്നീടുവന്ന എൽഡിഎഫ് സർക്കാർ റദ്ദാക്കുകയും ചെയ്ത 1400 പട്ടയങ്ങളും ഇതിലുൾപ്പെടുന്നു. 6362 പട്ടയങ്ങൾക്കുള്ള അപേക്ഷ 2021ൽ കേന്ദ്രസർക്കാരിലേക്കു നൽകിയതാണ്. 2016 - 21 മന്ത്രിസഭയുടെകാലത്തു തുടങ്ങിവച്ച നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇപ്പോഴത്തെ റവന്യുമന്ത്രി കെ. രാജൻ ചുമതലയേറ്റശേഷമാണ് കേന്ദ്രാനുമതിക്കായി അപേക്ഷ നൽകിയത്.
പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം സ്ഥലപരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ പലതവണ പട്ടയം അപേക്ഷകൾ പല കാരണങ്ങൾ നിരത്തി കേന്ദ്രം തിരികെ അയച്ചു. ഇവയ്ക്കെല്ലാം വിശദീകരണം നൽകുകയും ചെയ്തിരുന്നു. 2023ൽ പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാൽ വീണ്ടും രണ്ടുവർഷങ്ങൾ പിന്നിട്ടു.
കോന്നി, റാന്നി വനമേഖലയോടു ചേർന്ന റവന്യു ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളുടെ പട്ടയങ്ങളാണ് ഇതിലുള്ളത്. ഓരോ പ്രദേശത്തും ഓരോ കാരണങ്ങളാണ് പട്ടയം നിരസിക്കുന്നതിനു പിന്നിലുള്ളതെന്ന് പറയുന്നു. അപേക്ഷകളെല്ലാം ഒന്നിച്ചു നൽകിയതോടെ വിശദീകരണങ്ങളും വ്യത്യസ്തമാണ്.